38 വയസ്സുള്ളപ്പോൾ അമ്പതും അറുപതും വയസ്സുള്ള കഥാപാത്രങ്ങളെ ഇത്രയും വിശ്വസനീയമായി അവതരിപ്പിച്ച ഒരു നടൻ ഇന്ത്യൻ സിനിമയിൽ വേറെ ഉണ്ടാവില്ല

“നെടുമൂടി വേണു താരമല്ല, നടൻ…. ” എന്നോർമ്മിപ്പിക്കുകയാണ് കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയവിഭാഗം തലവനും നാടക പ്രവർത്തകനുമായ എംജി ജ്യോതിഷ്.നെടുമുടി വേണു കഥാപാത്രമായി ജീവിക്കുകയായിരുന്നില്ല മറിച്ച് ജീവിതത്തെ കലാപരമായി പുനസൃഷ്ടി ക്കുകയായിരുന്നു എന്നാണ് എം ജി ജ്യോതിഷ് കുറിക്കുന്നത്.

“38 വയസ്സുള്ളപ്പോൾ അമ്പതും അറുപതും വയസ്സുള്ള കഥാപാത്രങ്ങളെ ഇത്രയും വിശ്വസനീയമായി അവതരിപ്പിച്ച ഒരു നടൻ ഇന്ത്യൻ സിനിമയിൽ വേറെ ഉണ്ടാവില്ല.പലപ്പോഴും അദ്ദേഹം വളരെ പ്രായമുള്ള ഒരു നടനായിരുന്നു എന്നാണ് ഞാൻ ചെറുപ്പത്തിൽ ധരിച്ചിരുന്നത്.
അത് അദ്ദേഹത്തിൻറെ അഭിനയത്തിന്റെ ഏറ്റവും വലിയ സവിശേഷതയായിരുന്നു എന്ന് ഇന്ന് മനസ്സിലാക്കുന്നു”.ഈ വാക്കുകൾ ഒരധ്യാപകന്റേതല്ല..മറിച്ച് അഭിനയത്തേയും കലയെയും ചേർത്തുപിടിക്കുന്ന എം ജി ജ്യോതിഷ് എന്ന ആസ്വാദകന്റെ,വിദ്യാർത്ഥിയുടെ ഉള്ളിൽ നിന്നും ഉണ്ടാകുന്നതാണ്.ആരുമറിയാതെ നെടുമുടിവേണു എന്ന നടൻ ഓരോരുത്തർക്കും അധ്യാപകനായി മാറുന്നതുകൊണ്ടും കൂടിയാണത്.  

എം ജി ജ്യോതിഷ് എഴുതുന്നു
താരവും നടനും .

അയാൾ ഒരു താരമാണ് എന്ന് നമ്മൾ പറയുമ്പോൾ എന്താണ് നമ്മൾ മനസിലാക്കുന്നത്. കായികമായ മത്സരങ്ങളിലാണ് പൊതുവെ താരം എന്ന പ്രയോഗം കൂടുതൽ ഇണങ്ങുന്നത്. “താരം ” എന്നത് വാച്ച്യാർത്ഥത്തിൽ നക്ഷത്രം,തിളങ്ങുന്നത്, എത്തി പിടിക്കാനാവാത്തത് എന്നൊക്കെ അർത്ഥം വരുന്ന വാക്കാണ് .

കായിക ഇനങ്ങൾ പൊതുവെ മത്സരങ്ങളുമായി ബന്ധപെട്ടു കിടക്കുന്നത് കൊണ്ട് തന്നെ എത്തി പിടിക്കാനാവാത്ത ദൂരം പ്രകടനത്തിൽ ഉണ്ടാകുക എന്നത് ” കായിക താരം ” എന്ന പ്രയോഗം കൂടുതൽ ഇണങ്ങും. എന്നാൽ കല, മത്സരങ്ങൾ ളില്ലാത്ത ഒരു സമുഹത്തെ വിഭാവനം ചെയ്യുന്ന ഒന്നായിരിക്കെ ഈ “താര” പദവി കടന്ന് വരുന്നത് കലയുടെ കച്ചവട സാധ്യതകളെ മുൻ നിർത്തി കൊണ്ടാണ്. കച്ചവടങ്ങൾ മത്സരമില്ലാതെ നിലനിൽക്കുകയില്ല.

പൊതുവെ സംവിധായകന്റെ കല എന്ന് അറിയപെടുന്ന സിനിമ എന്ന കലാരൂപത്തിൽ “താരങ്ങൾ ” ആകുന്നത് പൂർണ്ണാർത്ഥത്തിൽ നടൻമാർ എന്ന് വിളിക്കാൻ കഴിയുന്നവരെ ആണോ എന്ന ചോദ്യം ഉദിക്കുന്നത്
നെടുമുടി വേണുവിനെ പോലെയുള്ള നടൻമാർക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിൽ നിന്നാണ്.

സ്വന്തം വ്യക്തിത്വത്തെ മറച്ചുകൊണ്ട് കഥാപാത്രത്തിൻറെ വ്യക്തിത്വത്തെ ആവിഷ്കരിക്കുകയാണ് അഭിനയം എന്ന് പ്രാഥമികാമർത്ഥത്തിൽ പറയാമെങ്കിൽ അത് ഏറ്റവും മനോഹരമായി ചെയ്യുന്ന നടന്മാരിൽ ഒരാളായിരുന്നു ശ്രീ നെടുമുടി വേണു .അദ്ദേഹം “കഥാപാത്രമായി ജീവിക്കുകയായിരുന്നില്ല “മറിച്ച് ജീവിതത്തെ കലാപരമായി പുനസൃഷ്ടി ക്കുകയായിരുന്നു അഭിനയം എന്ന കലയിലൂടെ അദ്ദേഹം ചെയ്തിരുന്നത് .
അത് ആകസ്മികമായി സംഭവിക്കുന്ന ഒരു പ്രക്രിയ ആയിരുന്നില്ല അദ്ദേഹത്തെ സംബന്ധിച്ച്,മറിച്ച് ബോധപൂർവമുള്ള പഠന വിശകലനങ്ങളുടെയും ആഴത്തിലുള്ള കഥാപാത്ര വിശകലനങ്ങളുടെയും ആകത്തുകയായിരുന്നു, അദ്ദേഹത്തെ സംബന്ധിച്ച് അഭിനയം. കാസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യങ്ങൾ കൊണ്ട് സംവിധായകരെ ബുദ്ധിമുട്ടിക്കാറുണ്ട് പല നല്ല നടൻമാരും . അദ്ദേഹവും അത്തരത്തിലുള്ള ഒരു നടനായിരുന്നു.

കഥാപാത്രം “ഞാനാണെങ്കിൽ “എന്നല്ല മറിച്ച് ഞാൻ ആ “കഥാപാത്രമാണെങ്കിൽ”എന്ന സമീപനമാണ് അദ്ദേഹം പലപ്പോഴും സ്വീകരിച്ച് കണ്ടിട്ടുള്ളത്.ഒരു നടന്റെ പ്രാഥമികമായ ജോലിയും അതായിരിക്കെ താരങ്ങളിൽ നിന്നും നടൻമാരെ വിഭിന്നരാക്കുന്നതിന്റെ പിന്നിലെ പ്രധാനപ്പെട്ട സമീപന വ്യത്യാസവും ഇതാണ്.
ഒരു നടനെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കുന്നത് പലതരത്തിലുള്ള പൊതുബോധങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആണെന്നിരിക്കെ ഈ പൊതുബോധങ്ങൾക്ക് ഉപരിയായി കഥാപാത്രത്തിന്റെ ശാരീരികവും മാനസികവും മനശാസ്ത്രപരമായ പ്രത്യേകതകളെ സൂക്ഷ്മമായി പഠിച്ച്, അത് നിൽപ്പിലും നടപ്പിലും പെരുമാറ്റത്തിലും അനുഭവിപ്പിക്കാൻ പ്രാപ്തരാകുമ്പോൾ മാത്രമാണ് അഭിനയം പൂർണ്ണാർത്ഥത്തിൽ കലയായി മാറുന്നത്.

നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള ക്യാരക്ടർ -ആക്ടർ എന്ന പദം താരങ്ങൾക്ക് ബാധകമല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തിരക്കഥയിൽ എല്ലാം കഥാപാത്രങ്ങൾ ആണെന്നിരിക്കെ താരങ്ങൾക്ക് മാത്രം എന്താണ് അതിൽ ഒരു ഇളവ്..കാരണം മറ്റൊന്നുമല്ല പൊതുബോധത്തെ തൃപ്തിപെടുത്തികൊണ്ടുള്ള രൂപ,സ്വഭാവ ,പെരുമാറ്റരീതികളും ഹീറോയിസവും കലർത്തി ഇരുട്ടു മുറികളിലെ ശരാശരി പ്രേക്ഷകരെ ലക്ഷ്യം വെച്ചു കൊണ്ട് ബോധപൂർവ്വം നിർമ്മിക്കപ്പെടുന്നവയാണ് ഇവ. നടനെക്കാൾ ഉപരി നടനിലെ വ്യക്തിയെയാണ് ഇവിടെ പ്രൊജക്ട് ചെയ്യെ പെടുന്നത്.ഇത്തരം കുടുക്കുകളിൽ മിടുക്കന്മാരായ
പല നടന്മാരും വീണു പോവുകയാണ് പതിവ് .
ഇത് നടന്മാരുടെ കുറ്റമായി പറയുന്നതല്ല മറിച്ച് അവരുടെ കഴിവുകളെ പരിമിതപ്പെടുത്തുന്ന കച്ചവട കുരുക്കുകളായി അവർ സ്വയം തിരിച്ചറിയേണ്ടവയാണ്. (പണവും പ്രശസ്തിയും മാത്രം ലക്ഷ്യം ആയിട്ടുള്ള നടന്മാർ ഇതിൽ അസ്വാഭാവികമായി യാതൊന്നും കാണുകയുമില്ല എന്നത് സ്വാഭാവികം മാത്രം)

നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്
മൂന്ന് തലമുറകൾക്കൊപ്പം നൂറുകണക്കിന് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടനെ കുറിച്ചാണ്. ഇത് ജൻമ സിദ്ധമായ കഴിവ് എന്നതിനേക്കാളുപരി നിരന്തരമായ സാധനയിലൂടെ അദ്ദേഹം ആർജ്ജിച്ച ശേഷിയാണ്.സിനിമയിൽ എത്തും മുൻപേ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം തന്റെ കഴിവുകൾ പൂർണ്ണാർത്ഥത്തിൽ തെളിയിച്ച നടനാണ് അദ്ദേഹം.

നാടകം എന്ന നടന്റെ കലയിൽ പരിശീലനം സിദ്ധിച്ച അദ്ദേഹത്തിന് അത് അനായാസവും അർത്ഥവത്തും ആക്കി തീർക്കുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടില്ല.ആദ്യ സിനിമ മുതൽ അവസാനത്തെ കഥാപാത്രം വരെ കഥാപാത്ര നിർമ്മിതിയിലെ സൂക്ഷ്മതയും നൈരന്തര്യവും അദ്ദേഹം നിലനിർത്തിപ്പോന്നു. മലയാള സിനിമയെ ഏറ്റവും കരുത്തുള്ളതായി നിലനിർത്തുന്നത് ക്യാരക്ടർ റോളുകൾ ചെയ്യുന്ന അഭിനയം കലയായി കണ്ട് സമീപിക്കുന്ന നടന്മാരിലൂടെയാണ്. ഭരത് ഗോപി , തിലകൻ ,നെടുമുടി വേണു,
കെ പി എ സി ലളിത തുടങ്ങിയ നടീനടന്മാർ ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളുമാണ്.
അവരിൽ ഭരത്ഗോപി കഴിഞ്ഞാൽ കഥാപാത്രത്തെ ഏറ്റവും സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുന്ന നടനാണ് നെടുമുടിവേണു (കഥാപാത്രത്തിന്റെ നില്പ് , നടപ്പ് ,പെരുമാറ്റം) തുടങ്ങിയവ പ്രത്യേകിച്ച് .
അഭിനയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമായി അദ്ദേഹം മാറുന്നത് അദ്ദേഹത്തിൻറെ നിരീക്ഷണപാടവം എന്ന ശേഷി എത്ര ക്രിയാത്മകവും കലാപരവുമായി കഥാപാത്രങ്ങൾക്കായി ഇണക്കി ചേർക്കുന്നത് എന്ന വൈദഗ്ധ്യത്തിലാണ്. .കഥാപാത്രത്തിൻറെ സൂക്ഷ്മ തലങ്ങളിലേക്ക് കടക്കുമ്പോൾ തന്നെ സിനിമയുടെ സാങ്കേതിക വശങ്ങളിലും അതിസൂക്ഷ്മമായ ശ്രദ്ധചെലുത്തുന്ന ടെക്നിക്കലി ബ്രില്ല്യൻറ് ആയിട്ടുള്ള പ്രഗല്ഭനായ ക്രാഫ്റ്റ് മാൻ കൂടിയായിരുന്നു അദ്ദേഹം.
എഡിറ്റർക്ക് കട്ട്പോയിൻറ് വരെ കൊടുത്ത് അഭിനയിക്കുന്ന ബ്രില്ല്യൻറ് ആയ അദ്ദേഹത്തെ പോലെയുള്ള നടൻമാർ ചുരുക്കമാണ്.
ഈ സാങ്കേതികത്വത്തിന്റെ അളവ് അല്പംകൂടിയിരുന്നു എന്നത് മാത്രമാണ് സൂക്ഷ്മനിരീക്ഷണത്തിൽ അദ്ദേഹത്തിന്റെ സമീപനത്തോടുള്ള ഒരേ ഒരു വിയോജിപ്പ്.

38 വയസ്സുള്ളപ്പോൾ അമ്പതും അറുപതും വയസ്സുള്ള കഥാപാത്രങ്ങളെ ഇത്രയും വിശ്വസനീയമായി അവതരിപ്പിച്ച ഒരു നടൻ ഇന്ത്യൻ സിനിമയിൽ വേറെ ഉണ്ടാവില്ല.പലപ്പോഴും അദ്ദേഹം വളരെ പ്രായമുള്ള ഒരു നടനായിരുന്നു എന്നാണ് ഞാൻ ചെറുപ്പത്തിൽ ധരിച്ചിരുന്നത്.
അത് അദ്ദേഹത്തിൻറെ അഭിനയത്തിന്റെ ഏറ്റവും വലിയ സവിശേഷതയായിരുന്നു എന്ന് ഇന്ന് മനസ്സിലാക്കുന്നു. അഭിനയത്തിനായി ചാൻസ് ചോദിച്ചു നടക്കുന്നവർ മനസ്സിലാക്കേണ്ടത് നിങ്ങൾ സ്വയം എന്താണ് സ്വരുക്കൂട്ടിയിട്ടുള്ളത് ഒരു നടനായി മാറാൻ എന്നാണ്. സിനിമയിൽ അഭിനയിക്കുന്നതിന് മുൻപുതന്നെ പൂർണാർത്ഥത്തിൽ ഒരു നടന് വേണ്ട എല്ലാ സവിശേഷതകളും ആർജ്ജിച്ചിട്ടുഉള്ള ഒരാളായിരുന്നു നെടുമുടിവേണു എന്ന നടൻ. നൃത്തത്തിലും സംഗീതത്തിലും,വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും സാഹിത്യത്തിലും സാഹിത്യേതര കലയിലും ആഴത്തിലുള്ള അവഗാഹമാണ് ഇന്ന് അനിതരസാധാരണ നായ ഒരു നടനായി അദ്ദേഹത്തെ വാഴ്ത്തപ്പെടുത്തുണ്ടെങ്കിൽ അതിന്റെ പിന്നിലെ കാരണം.
അപ്പോഴും ഒരു വിഷമം ആയി മനസ്സിൽ കിടക്കുന്നത് അർഹിക്കുന്ന അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ടോ എന്നുള്ളത് മാത്രമാണ്. താരപ്രഭ കളിൽ മുങ്ങി പോകുന്ന യതാർത്ഥ കലാകാരൻമാർക്ക് വേണ്ടി സമർപ്പിക്കുന്നു.

പ്രണാമം❤️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News