നമ്മൾ നേടുന്നതെല്ലാം നഷ്ടപ്പെട്ടേക്കാം, കവർന്നെടുക്കപ്പെട്ടേക്കാം.. പക്ഷേ വിദ്യ എന്നും നമുക്കൊപ്പം തന്നെ ഉണ്ടാകും; ജോൺബ്രിട്ടാസ് എം പി

വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകൾ നേർന്നുകൊണ്ട് ജോൺബ്രിട്ടാസ് എം പി. ആദ്യാക്ഷരം എഴുതിച്ച കൊച്ചുപിള്ള ആശാനെയും ആശാൻപള്ളിക്കൂടവും ഓർമിച്ചുകൊണ്ടാണ് ജോൺബ്രിട്ടാസ് എം.പി ആശംസകൾ നേർന്നത്. നമ്മൾ നേടുന്ന പലതും നഷ്ടപ്പെട്ടേക്കാം. എന്നാൽ വിദ്യ ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ല എന്നും അദ്ദേഹം കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം

അറിവിൻറെ ലോകത്തേക്ക് ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ.എന്നെ മലയാള അക്ഷരങ്ങൾ എഴുതാൻ പഠിപ്പിച്ചത് കൊച്ചുപിള്ള ആശാൻ ആണ്.അന്നത്തെ കാലത്ത് നാട്ടിലുള്ള കുട്ടികൾക്കെല്ലാം ആശാൻ ഇദ്ദേഹം തന്നെയായിരുന്നു.വിരൽ മണലിൽ നന്നായി പിടിച്ചമർത്തി തന്നെ ആശാൻ എഴുത്ത് കുറിക്കും.

കൊച്ചുപിള്ള ആശാൻ നാട്ടിലെ ഒരു പ്രസ്ഥാനമായിരുന്നു. ആശാൻ പഠിപ്പിക്കുന്നത് ഒരു കിലോമീറ്റർ ചുറ്റളവിൽ കേൾക്കാം. അത്ര ഉച്ചത്തിലാണ് പഠിപ്പിക്കൽ. ആശാൻ പള്ളിക്കൂടത്തിൽ നവീനമായ പല സങ്കേതങ്ങളും ഉണ്ടായിരുന്നു. അതിലൊന്ന് നാടൻ പങ്കയായിരുന്നു. ഓലകൊണ്ട് ഉണ്ടാക്കി മുകളിൽ നിന്നും കെട്ടിത്തൂക്കിയ ഒന്ന്. കുട്ടികളെ കൊണ്ട് നാടൻ പങ്ക വലിപ്പിക്കും. അതിനു താഴെയിരുന്ന് ആശാൻ കാറ്റ് കൊള്ളും. ആശാന്റെ നാടൻ പങ്ക വലിക്കാൻ പിള്ളേർക്കിടയിൽ അന്നുണ്ടായിരുന്ന മത്സരം ഇപ്പോഴും ഓർമയുണ്ട്. പിള്ളേർ പാസ് ഔട്ട് ആകുന്ന ദിവസം ആശാന്റെ വക അവലും പഴവും ശർക്കരയും കൂട്ടിപ്പിടിച്ചുണ്ടാക്കുന്ന വിഭവം ഉണ്ടാവും.

അസുരൻ എന്ന തമിഴ് ചിത്രത്തിൽ ധനുഷ് അറിവിനെ കുറിച്ച് പറയുന്ന ഡയലോഗ് പുതിയ തലമുറയ്ക്ക് പരിചയം ഉണ്ടാകും. നമ്മൾ നേടുന്നതെല്ലാം നമ്മിൽ നിന്ന് വിട്ടു പോയേക്കാം, നഷ്ടപ്പെട്ടേക്കാം, കവർന്നെടുക്കപ്പെട്ടേക്കാം. പക്ഷേ വിദ്യ എന്നും നമുക്കൊപ്പം തന്നെ ഉണ്ടാകും.ഇന്നത്തെ ദിവസം അറിവിന്റെ ലോകത്തേക്കെത്തുന്ന തലമുറയോടും പറയാനുള്ളത് അതാണ്. വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News