ഐ പി എൽ പതിനാലാം സീസണിലെ രാജാക്കന്മാർ ആരാകും…..?

ഐ പി എൽ പതിനാലാം സീസണിലെ രാജാക്കന്മാർ ആരെന്ന് ഇന്നറിയാം. ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7:30 ന് ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.

മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ സൂപ്പർ കിങ്സ് ഏറ്റവും ഒടുവിലായി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത് 2018 ലാണ്. 2014 ലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അവസാന കിരീട നേട്ടം.

ഒരിടവേളക്ക് ശേഷം കിരീടം തിരിച്ചു പിടിക്കാനുള്ള അവസരമാണ് മുൻ ചാമ്പ്യന്മാർക്ക് ഈ ത്രില്ലർപോരാട്ടം. ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ അതിവേഗ ക്രിക്കറ്റിലെ ഗ്ലാമർ കിരീടപ്പോരിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു.

നാല് വട്ടം കിരീടത്തിൽ മുത്തമിട്ട ധോനിയുടെ സൂപ്പർ കിങ്സ് ആത്മവിശ്വാസത്തിലാണ്. സീസണിൽ കൊൽക്കത്തക്കെതിരെ മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ചെന്നൈയ്ക്കായിരുന്നു ജയം. ബാറ്റിംഗിൽ റുതുരാജ് ഗെയ്ക്ക് വാദും റോബിൻ ഉത്തപ്പയും തകർപ്പനടികളുമായി ക്രീസ് അടക്കിവാഴുമ്പോൾ ഷാർദ്ദൂൽ താക്കൂറിനാണ്ബൗളിംഗ് ആക്രമണത്തിന്റെ ചുമതല.

ജഡേജയെന്ന സൂപ്പർ ഓൾറൗണ്ടറിലും ടീമിന് പ്രതീക്ഷയേറെ. എത്ര വലിയ ടോട്ടലും മറികടക്കാനാകുമെന്ന വിശ്വാസം മഞ്ഞപ്പടയ്ക്കുണ്ട്. എം.എസ് ധോനിയുടെ ക്യാപ്ടൻസിയിൽ നാലാം കിരീടത്തിൽ കുറഞ്ഞൊന്നും ചെന്നൈ ലക്ഷ്യമിടുന്നില്ല. അതേസമയം ഒയിൻ മോർഗൻ നായകനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കരുതലോടെയാണ്.

മൂന്നാം കിരീടം നോട്ടമിട്ട് ഇറങ്ങുന്ന കൊൽക്കത്തയുടെ കരുത്ത് ബൗളിംഗാണ്. സീസണിൽ മുൻ നിര ടീമുകളുടെ വമ്പൻ ബാറ്റിംഗ് നിരയ്ക്ക് കൊൽക്കത്തൻ ബോളർമാർ മൂക്കു കയറിട്ടത് പല തവണയാണ്. സുനിൽ നരൈൻ എന്ന സൂപ്പർ ഓൾറൗണ്ടറാണ് ടീമിന്റെ വജ്രായുധം.

വെങ്കിടേഷ് അയ്യർ – ശുഭ്മാൻ ഗിൽ ഓപ്പണിംഗ് ജോഡി മിന്നും തുടക്കം ആവർത്തിച്ചാൽ ഫൈനലിൽ ഒയിൻ മോർഗന്റെ പ്ലാൻ ക്ലിക്കാകും. ഓൾ റൗണ്ടർ ഷാക്കിബ് നിർണായക മത്സരത്തിൽ താളം വീണ്ടെടുത്താൽ ചെന്നൈയ്ക്കെതിരെ കൊൽക്കത്ത ചീറ്റപ്പുലികളാകും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സൂപ്പർ ഫൈനൽ ത്രില്ലറിനൊടുവിൽ ഗ്ലാമർകിരീടത്തിൽ മുത്തമിടുന്നത് ആരായിരിക്കുമെന്നറിയാൻ ചെറിയ കാത്തിരിപ്പ് മാത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here