സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച; അന്തിമ പട്ടികയിൽ 30 സിനിമകൾ

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. ഒട്ടേറെ സവിശേഷതകളുമായി വേറിട്ടുനിൽക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാനചലച്ചിത്ര പുരസ്കാരം. ഇത്തവണ അഭ്രപാളിയിൽ വിസ്മയം തീർത്ത ചിത്രങ്ങളെയും താരങ്ങളെയും തെരഞ്ഞെടുക്കുന്ന ജൂറിയെ നയിക്കുന്നത് ചരിത്രത്തിലാദ്യമായി ഒരു വനിതയാണ്. നടിയും സംവിധായികയുമായ സുഹാസിനി അധ്യക്ഷയായ വിധിനിര്‍ണയ സമിതിയാണ് അന്തിമ ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നത്.

മാത്രമല്ല എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിക്ക് പ്രാഥമിക, അന്തിമ മൂല്യനിർണയ സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്. കന്നട സംവിധായകന്‍ പി.ശേഷാദ്രിയും പ്രമുഖ സംവിധായകന്‍ ഭദ്രനും പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ അധ്യക്ഷന്മാരാണ്. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

ഇവര്‍ക്കു പുറമെ ഛായാഗ്രാഹകന്‍ സി.കെ മുരളീധരന്‍, സംഗീതസംവിധായകന്‍ മോഹന്‍ സിതാര, സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇവർക്കു പുറമേ രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിന് പ്രശസ്ത നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ആണ് എല്ലാ ജൂറികളുടെയും മെമ്പർ സെക്രട്ടറി.

എണ്‍പത് സിനിമകൾ അവാര്‍ഡിന് മത്സരിച്ചപ്പോൾ അന്തിമ പട്ടികയിൽ എത്തിയത് 30 ചിത്രങ്ങളാണ്. സെപ്റ്റംബർ 28 മുതലാണ് ജൂറി സ്ക്രീനിംഗ് ആരംഭിച്ചത്. ഫഹദ് ഫാസിൽ, ജയസൂര്യ, ബിജു മേനോൻ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവർ മികച്ച നടനുള്ള സംസ്ഥാന അവാർഡിനായി മത്സരിക്കാൻ രംഗത്തുണ്ട്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരുമുണ്ട്.

വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്. മൂല്യനിർണയത്തിനു ശേഷം 51 ആമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുമ്പോൾ ഏതൊക്കെ ചിത്രങ്ങളും താരങ്ങളുമാണ് മികവ് പുലർത്തിയതെന്ന് വ്യക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News