ADVERTISEMENT
ഈ വർഷത്തെ മുല്ലനേഴി പുരസ്കാരം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക്. ‘ചോപ്പ്’ സിനിമയിലെ ‘മനുഷ്യനാകണം’ എന്ന പ്രശസ്ത ഗാനത്തിൻ്റെ രചനയ്ക്കാണ് അവാർഡ്. 15001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്കും ചേർന്നാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മുല്ലനേഴിയുടെ പേരിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ വിദ്യാലയ കാവ്യ പ്രതിഭാ പുരസ്കാരത്തിന് മെസ്ന കെ.വി (ആറാം ക്ലാസ്,ജി എച്ച് എസ് എസ് ടാഗോർ വിദ്യാനികേതൻ തളിപ്പറമ്പ് ,കണ്ണൂർ) ഗൗരി.ബി(ജി എച്ച് എസ് എസ് കോട്ടൺഹിൽ, തിരുവനന്ത പുരം), റുക്സാന സി.ടി (ജി ഒഎച്ച് എസ് എസ് പട്ടാമ്പി, പാലക്കാട്) എം.മനീഷ (ജി എച്ച് എസ് എസ് നടവരമ്പ്, തൃശൂർ), നിരഞ്ജന പി (ജി എച്ച് എസ് എസ് ചീമേനി, കാസർഗോഡ്) എന്നിവർ അർഹരായി.പ്രശസ്തിപത്രവും ഫലകവും പുസ്തക പ്പൊതിയുമാണ് ഇവർക്കുള്ള സമ്മാനം.
ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പലായ മുരുകൻ കാട്ടാക്കട വിദ്യാഭ്യാസ മിഷൻ അക്കാഡമിക് കാേഓഡിനേറ്ററായി ഇപ്പോൾ ജോലി ചെയ്യുന്നു.ഓസ്ക്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ‘ മാനത്തെ മരിക്കു റുമ്പേ ‘ എന്ന പുലിമുരുകനിലെ ഗാനം ഉൾപ്പെടെ അമ്പതോളം സിനിമകൾക്ക് പാട്ടെഴുതിയിട്ടുണ്ട്. കണ്ണട, രേണുക, രക്തസാക്ഷി, ബാഗ്ദാദ്, നെല്ലിക്ക, കർഷകൻ്റെ ആത്മഹത്യാക്കുറിപ്പ് തുടങ്ങിയ കവിതകൾ വലിയ ജനകീയ അംഗീകാരം നേടിയവയാണ്.
മികച്ച ഗാനരചയിതാവിനുള്ള ഏഷ്യാനെറ്റ് ഉജാല അവാർഡ് ,സൂര്യ അവാർഡ് ,ബ്രഹ്മാനന്ദൻ പുരസ്ക്കാരം , മഹാകവി മൂലൂർ അവാർഡ്, ഇ.വി.കൃഷ്ണപിള്ള അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.അശോകൻ ചരുവിൽ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, രാവുണ്ണി (കൺവീനർ) എന്നിവർ ഉൾപ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബർ 31 ന് സാഹിത്യ അക്കാഡമിയിൽ വെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ.ബിന്ദു പുരസ്ക്കാരങ്ങൾ സമർപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.