സഹപ്രവര്‍ത്തകയെ ക്രൂരമായി പീഡിപ്പിച്ചു; ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു

സഹപ്രവര്‍ത്തകയെ ബലംപ്രയോഗിച്ച് ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവിനെതിരെ വൈക്കം പൊലീസ് കേസെടുത്തു. ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിയ്ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ചെട്ടിമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയെതുടര്‍ന്നാണ് ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമേഷ് കൊല്ലേരിക്കെതിരെ വൈക്കം പോലീസ് കേസെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഘട്ടത്തിലാണ് യുവതി സുമേഷിനെ പരിചയപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി സുമേഷ് യുവതിയില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയും കുട്ടികളും മാത്രം താമസിച്ചിരുന്ന വീട്ടില്‍ സുമേഷെത്തി യുവതിയെ ബലംപ്രയോഗിച്ച് ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പിന്നീട് പലതവണ ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പലസ്ഥലങ്ങളിലുമെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവം പുറത്താകാതിരിക്കുന്നതിനു വേണ്ടി യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ആഭരണങ്ങള്‍ പ്രതിയുടെ ആവശ്യങ്ങള്‍ക്കായി പണയം വയ്ക്കുകയും ചെയ്തു. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

പ്രതിയുടെ നിരന്തരമായുള്ള ഭീഷണിയില്‍ ഭയന്നാണ് യുവതി തന്റെയും കുടുംബത്തിന്റെ സുരക്ഷയ്ക്കായി പൊലീസില്‍ പരാതി നല്‍കിയത്. ബിജെപി ഉദയനാപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ പ്രതിയുടെ ഉന്നത സ്വാധീനമുപയോഗിച്ച് യുവതിയെയും കുട്ടികളെയും ഏതുനിമിഷവും അപായപ്പെടുത്തുമെന്നും ഇവര്‍ ഭയപ്പെടുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് വൈക്കം പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News