ബാങ്കുകളില്‍ വ്യാജരേഖകള്‍ നല്‍കി കോടികളുടെ തട്ടിപ്പ്; റെജി മലയിലിന് ഇരകളായവര്‍ നിരവധി പേര്‍

ബാങ്കുകളില്‍ വ്യാജരേഖകള്‍ നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി റെജി മലയിലിന് ഇരകളായവര്‍ നിരവധി പേര്‍. ഇയാള്‍ക്കെതിരെ പത്തോളം പരാതികള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. ബാങ്ക് മാനേജര്‍മാര്‍ക്ക് അടക്കം തട്ടിപ്പില്‍ പങ്കുണ്ടോയെന്ന അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. പാവപ്പെട്ട നിരവധി പേരുടെ ഭൂമിയാണ് ഇത്തരത്തില്‍ നഷ്ടമായത്.

മോന്‍സന്‍ മാവുങ്കലിന് പിന്നാലെ കൊച്ചി കേന്ദ്രീകരിച്ച് നടന്ന മറ്റൊരു വന്‍ സാമ്പത്തിക തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശി റെജി മലയിലും ഭാര്യ അജിതയും ചേര്‍ന്നാണ് ബാങ്കുകളില്‍ ലോണുകള്‍ തരപ്പെടുത്തി കോടികളുടെ തട്ടിപ്പ് നടത്തിയത്.

സിവില്‍ സ്‌കോര്‍ കുറവാണെങ്കില്‍ സഹായിക്കാമെന്ന വ്യാജേനയാണ് പ്രതി റെജി മലയിലും ഭാര്യ അജിതയും എത്തുന്നത്. ലോണ്‍ ആവശ്യമുളളവരുടെ യഥാര്‍ത്ഥ വസ്തുരേഖകള്‍ ഈട് വയ്പ്പിക്കും. സഹായിക്കാനെത്തുന്ന റെജി നല്‍കുന്നതാകട്ടെ വ്യാജ പാന്‍ കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും. ലോണ്‍ തരപ്പെടുത്തി കഴിഞ്ഞാല്‍ പകുതി വിഹിതം വാങ്ങി പങ്കാളിയാകും.

ലോണെടുത്ത ഭൂമിയില്‍ നിന്നും വീണ്ടും ഉടമയറിയാതെ പരമാവധി തുക ബാങ്കില്‍ നിന്നും തരപ്പെടുത്തും. ബാങ്ക് ജപ്തി നടപടിയുമായി എത്തുമ്പോഴാണ് വസ്തു ഉടമ തട്ടിപ്പിനിരയായി എന്ന് അറിയുന്നതുപോലും. പത്തോളം പരാതികളാണ് ഇതിനകം തന്നെ വിവിധ സ്റ്റേഷനുകളിലായി എത്തിയിരിക്കുന്നത്. ബാങ്ക് മാനേജര്‍മാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി 36 ലക്ഷം രൂപ നഷ്ടമായ പളളുരുത്തി സ്വദേശി മാനുവല്‍ ജേക്കബ് പറഞ്ഞു.

റെജിയുടെ ഉടമസ്ഥതയിലുളള ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനി എന്ന പേരിലുളള കണ്‍സ്ട്രക്ഷന്‍ സ്ഥാപനം മുംബൈയില്‍ നിര്‍മ്മിക്കുന്ന ഫ്‌ലാറ്റില്‍ പങ്കാളിത്തം നല്‍കാമെന്ന വാഗ്ദാനവുമായാണ് 36 ലക്ഷം രൂപ മാനുവല്‍ ജേക്കബില്‍ നിന്നും വാങ്ങിയത്. എന്നാല്‍ പിന്നീട് തട്ടിപ്പ് മനസ്സിലായതോടെ പരാതിയുമായി പോയ ജേക്കബിന് ബെന്‍സ് ഉള്‍പ്പെടെ മൂന്ന് കാറുകള്‍ നല്‍കി. എന്നാല്‍ അവയുടെ രജിസ്‌ട്രേഷനും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു

പാവപ്പെട്ട നിരവധി പേരുടെ വീടും സ്ഥലവുമാണ് ഇത്തരത്തില്‍ ജപ്തി ഭീഷണി നേരിടുന്നത്. തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയ പ്രതി റജിയുടെ ഭാര്യ അജിത ഒളിവിലാണ്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പ് പ്രതി നടത്തിയതായി പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News