ശത കോടീശ്വരന്മാരുടെ ക്ഷേമമാണ് മോദിയുടെ താല്‍പര്യം; ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ മോശം അവസ്ഥയെ ചൂണ്ടിക്കാട്ടി സീതാറാം യെച്ചൂരി

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ കൂടുതല്‍ മോശം അവസ്ഥയിലേക്ക് പോയതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്കിനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്. ആഫ്രിക്കന്‍ ദരിദ്ര രാജ്യങ്ങളും പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളും പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തുമ്പോള്‍ 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നൂറ്റി ഒന്നാം സ്ഥാനത്തേക്ക് ആണ് പിന്തള്ളപ്പെട്ടത്.

ശത കോടീശ്വരന്മാരുടെ ക്ഷേമമാണ് മോദിയുടെ താല്‍പര്യം എന്ന് രാജ്യത്തിന്റെ സ്ഥിതി ചൂണ്ടിക്കാട്ടി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ദരിദ്ര രാജ്യങ്ങളില്‍ പോലും ദാരിദ്ര്യ നിര്‍മാര്‍ജനം പുരോഗതി കൈവരിക്കുമ്പോള്‍ ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കൂടുന്നു എന്നാണ് ആഗോള പട്ടിണി സൂചിക വ്യക്തമാക്കുന്നത്. ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ പട്ടിണി ഗുരുതരമായി തുടരുന്ന രാജ്യമായി മാറി എന്നായിരുന്നു സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.

ശതകോടീശ്വരന്മാര്‍ കൂടുതല്‍ സമ്പന്നര്‍ ആകുമ്പോള്‍ ഇന്ത്യയില്‍ ഭൂരിഭാഗം കുട്ടികളും പോഷകാഹാര കുറവ് നേരിടുകയാണ് എന്നും ഇതാണ് മോദി താല്പര്യപ്പെടുന്നത് എന്നും യെച്ചൂരി പറഞ്ഞു.

ഏഴ് വര്‍ഷങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യയിലെ പട്ടിണി കുത്തനെ വര്‍ദ്ധിച്ചു എന്നും ഇതിന് ആര് സമാധാനം പറയും എന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനം നടപ്പിലാക്കിയ മോദിയെ അഭിനന്ദിക്കുന്നു എന്നും സിബല്‍ ട്വിറ്ററില്‍ പരിഹസിച്ചു.

ഇന്ത്യക്ക് ആവശ്യം നൂട്രീഷ്യന്‍ കണ്‍ട്രോള്‍ ബ്യൂറോ ആണെന്ന് പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നോട്ട് പോയതിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി ബിജെപി ഉപയോഗിക്കുന്നു എന്ന ആക്ഷേപം മുന്‍ നിര്‍ത്തിയാണ് പ്രശാന്ത് ഭൂഷണിന്റെ വിമര്‍ശനം. സ്ഥിതി ഗുരുതരമാണ് എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

അതെ സമയം വസ്തുതകള്‍ വിശകലനം ചെയ്യാതെയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കിയത് എന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തി. മതിയായ പഠനം പ്രസാധകര്‍ നടത്തിയില്ല എന്നും കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News