ബത്തേരിയിലെ ബിജെപിയുടെ മൂന്നരക്കോടി; ക്രൈംബ്രാഞ്ച്‌ സംഘം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ റിപ്പോർട്ട്‌ നൽകും

ബത്തേരിയിൽ തെരഞ്ഞെടുപ്പിന് ബിജെപി മൂന്നരക്കോടി രൂപ എത്തിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച്‌ സംഘം തെരഞ്ഞെടുപ്പ്‌ കമീഷന്‌ റിപ്പോർട്ട്‌ നൽകും.ചട്ടലംഘനം നടത്തിയെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ നടപടി. ജില്ലാ വരണാധികാരിയായിരുന്ന വയനാട്‌ കലക്ടർക്കാണ്‌ ആദ്യം റിപ്പോർട്ട്‌ സമർപ്പിക്കുക.

കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബത്തേരിയിൽ
17 ലക്ഷം രൂപ ചെലവിട്ടതിന്റെ കണക്കാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്‌ ബിജെപി നൽകിയത്‌. എന്നാൽ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ അന്നത്തെ പ്രസിഡന്റ്‌ സജിശങ്കറിന്‌ നൽകിയ 3.5 കോടി രൂപയുടെ ഡിജിറ്റൽ രേഖകൾ അന്വേഷകസംഘത്തിന്‌ ലഭിച്ചിരുന്നു.

സി കെ ജാനുവിന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസ്‌ അന്വേഷിക്കുന്നതിന്റെ ഭാഗമായി പ്രശാന്ത്‌മലവയലിനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ പണമിടപാടിന്റെ സുപ്രധാന ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്‌. ഈ പണത്തിൽനിന്നാണ്‌ 35 ലക്ഷം രൂപ സി കെ ജാനുവിന്‌ കോഴ നൽകിയതെന്നാണ്‌ നിഗമനം.

ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌മലവയലിന്റെ രണ്ട്‌ മൊബൈലുകളും സംഘം പിടിച്ചെടുത്തിരുന്നു. പണമിടപാടിന്റെ നിരവധി തെളിവുകൾ അന്വേഷകസംഘത്തിന്‌ ഈ ഫോണിൽനിന്നും ലഭിച്ചിട്ടുണ്ട്‌. മുൻ പ്രസിഡന്റ്‌ സജി ശങ്കർ, നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ ബി മദൻലാൽ എന്നിവരെ ചോദ്യം ചെയ്‌തതിൽനിന്നും 3.5 കോടിയുടെ തെളിവുകൾ ലഭിച്ചിരുന്നു.തെരഞ്ഞെടുപ്പ്‌ ചട്ടലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തിൽ ബിജെപി നേതാക്കൾക്കെതിരെ കൂടുതൽ നടപടികൾക്കാണ്‌ സാധ്യത തെളിയുന്നത്‌.ഫണ്ട്‌ തിരിമറിയിൽ ബിജെപിയിൽ രൂപപ്പെട്ട കടുത്ത ഭിന്നത തുടരുന്നതിനിടെയാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം, വയനാട്ടിൽ പാർട്ടിയിൽ ഒരു വിഭാഗം ശക്തമായ പ്രതിഷേധങ്ങൾക്ക്‌ രൂപം നൽകുകയാണ്‌.സംഘടന വലിയ പ്രതിസന്ധിയിൽ തുടരുമ്പോഴും സംസ്ഥാന അധ്യക്ഷൻ എത്തിയിട്ടില്ല.സമവായ നീക്കങ്ങൾക്ക്‌ കെ സുരേന്ദ്രൻ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിൻ വാങ്ങി.

ഫണ്ട്‌ തിരിമറിയിൽ നടപടിയും പുറത്താക്കിയ പ്രവർത്തകരെ തിരിച്ചെടുക്കുകയും ചെയ്തില്ലെങ്കിൽ ബത്തേരിക്ക്‌ പുറമേ മറ്റ്‌ രണ്ട്‌ നിയോജകമണ്ഡലം കമ്മറ്റികളും രാജിവെക്കുമെന്നാണ്‌ വിമതർ പറയുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News