മഹാമാരിയുടെ ദുരന്തകാലത്ത് ആരെയും പട്ടിണിക്കിടാത്ത കേരളം ലോകത്തിനു മുന്നില്‍ ശിരസുയര്‍ത്തി നില്‍ക്കുന്നു: മന്ത്രി ജി ആര്‍ അനില്‍ 

മഹാമാരിയുടെ ദുരന്തകാലത്തും അല്ലാത്തപ്പോഴും ആരെയും പട്ടിണിക്കിടാത്ത കേരള മാതൃക ലോകത്തിനു മുന്നില്‍ ശിരസുയര്‍ത്തി നില്‍ക്കുന്നുവെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.  മഹാമാരിക്കാലത്ത് സൗജന്യമായി നല്‍കിയ അതിജീവനക്കിറ്റുകളും സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കുന്ന സുഭിക്ഷാ-ജനകീയ ഹോട്ടലുകള്‍, സുതാര്യവും കാര്യക്ഷമവുമായ പൊതു വിതരണ ശൃംഖല, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷ്യ കിറ്റുകള്‍ എന്നിവ ഈ രംഗത്തുള്ള സര്‍ക്കാരിന്റെ ഇടപെടലുകളാണെന്നും ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകള്‍…

ഇന്ന് ഒക്ടോബര്‍ 16. ലോക ഭക്ഷ്യ ദിനം. 1945 ഒക്ടോബര്‍ 16നാണ് ഐക്യരാഷ്ട സഭ ഭക്ഷ്യ – കാര്‍ഷിക സംഘടന രൂപീകരിച്ചത്. ആ ഓര്‍മ്മ നിലനിര്‍ത്തുന്നതിനാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിവമായി ആചരിക്കുന്നത്. ദാരിദ്രത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും ലോകത്ത് ഈ ദിനം ആചരിക്കുന്നത്. “ നമ്മുടെ പ്രവര്‍ത്തികളാണ് നമ്മുടെ ഭാവി – 2030-ഓടെ വിശപ്പ് രഹിത ലോകം സാധ്യമാണ് ” – എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിനത്തിന്റെ മുദ്രാവാക്യം.

ലോകത്തിലെ 150ല്‍ പരം രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്. വര്‍ണ്ണ – വര്‍ഗ്ഗ വിവേചനം പോലെ ഭക്ഷണ കാര്യത്തിലും വലിയൊരു അന്തരം ലോക ജനതയ്ക്കിടയില്‍ നിലനില്‍ക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വലിയ ഒരു അന്തരം. ഒരു ഭാഗത്ത് അമിതാഹാരം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ചികിത്സ തേടുമ്പോള്‍ മറുഭാഗത്ത് ഒരു നേരം പോലും ഭക്ഷണം‍ ലഭ്യമല്ലാത്തവരുമുണ്ട്. ഭക്ഷണ വസ്തുക്കള്‍ പാഴാക്കാതിരിക്കേണ്ടതിന്റെ ആവശ്യകതയും നാളേക്കായി സംരക്ഷിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലുമാണ് ഓരോ ഭക്ഷ്യ ദിനവും.
വിശപ്പിന്റെ ആഗോള സൂചികയില്‍ നമ്മുടെ രാജ്യം പിന്നോട്ട് പോയി എന്നുള്ളത് ഏറെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

2020ലെ 94-ാം സ്ഥാനത്തുനിന്നും 2021-ല്‍ 101-ാം സ്ഥാനത്തേക്ക് നാം പിന്‍തള്ളപ്പെട്ടിരിക്കുകയാണ്. ആഗോള വിശപ്പ് സൂചികയിലെ സ്ഥാനം നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങളില്‍ നാല് എണ്ണത്തില്‍ മൂന്നും അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ ഭക്ഷണ- ശാരീരിക – മാനസിക വികാസവുമായി
ബന്ധപ്പെട്ടുള്ളതാണ്.‍ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ നമ്മുടെ രാജ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന സൂചനയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഈ റിപ്പോര്‍ട്ട് ആശങ്ക ഉണ്ടാക്കുന്നില്ല. എന്നാല്‍ ആഗോളതലത്തില്‍ പട്ടിണി വര്‍ദ്ധിച്ചതിനുള്ള കാരണങ്ങള്‍ നാം പരിശോധിക്കുമ്പോള്‍ മറ്റ് കാരണങ്ങള്‍ക്ക് പുറമെ കാലാവസ്ഥാ വ്യതിയാനവും നിര്‍ണ്ണായകമാണെന്ന് കാണുന്നു. ഈ കണ്ടത്തല്‍ സുസ്ഥിര വികസന ചിന്തകള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതാണ്. 2021 മാര്‍ച്ച് മാസത്തില്‍ നീതി ആയോഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 16 സുസ്ഥിര വികസന സൂചികകളില്‍‍ രണ്ടാമതായി പ്രതിപാദിക്കുന്ന വിശപ്പ് രഹിത സമൂഹമെന്ന ലക്ഷ്യത്തില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 80 പോയിന്റുമായി ഒന്നാം സ്ഥാനത്താണുള്ളത്.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പോഷക സമൃദ്ധവും ഗുണനിലവാരവുമുള്ള ഭക്ഷണം ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായി കരുതുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരു ജനപക്ഷ ബദലുമായാണ് കേരളം ഇക്കാര്യത്തില്‍ മുന്നോട്ട് പോകുന്നത്. മഹാമാരിയുടെ ദുരന്തകാലത്തും അല്ലാത്തപ്പോഴും ആരെയും പട്ടിണിക്കിടാത്ത കേരള മാത്രക ലോകത്തിനു മുന്നില്‍ ശിരസുയര്‍ത്തി നില്‍ക്കുന്നു. മഹാമാരിക്കാലത്ത് സൗജന്യമായി നല്‍കിയ അതിജീവനക്കിറ്റുകളും സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കുന്ന സുഭിക്ഷാ-ജനകീയ ഹോട്ടലുകള്‍, സുതാര്യവും കാര്യക്ഷമവുമായ പൊതു വിതരണ ശൃംഖല, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷ്യ കിറ്റുകള്‍ എന്നിവ ഈ രംഗത്തുള്ള സര്‍ക്കാരിന്റെ ഇടപെടലുകളാണ്.

കേരളത്തിലെ ഉള്‍വനങ്ങളില്‍ താമസിക്കുന്ന ആദിവാസി സമൂഹങ്ങള്‍ക്ക് അവരുടെ ഊരുകളിലേക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കുക വഴി വിശപ്പ് രഹിത കേരളം എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതില്‍ ഒരുപടി കൂടി നാം മുന്നോട്ട് പോയിരിക്കുന്നു. മന്ത്രി വ്യക്തമാക്കി.

ഇന്ന് സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി മസ്ക്കറ്റ് ഹോട്ടലില്‍ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സെമിനാര്‍ കം വര്‍ക്ക്ഷോപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ ഉത്പാദനത്തില്‍ കേരളത്തിന് എങ്ങനെ സ്വയം പര്യാപ്തി നേടാം – എന്ന വിഷയം സമ്പന്ധിച്ച് ഭക്ഷ്യ-ഉപഭോക്തൃകാര്യ-കൃഷി-നിയമ-ആസൂത്രണകാര്യ മേഖലകളിലെ പ്രമുഖര്‍ സംസാരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News