ഐ.പി.എല്‍ കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്

ചെന്നൈ സൂപ്പർ കിങ്സ് ഐ പി എൽ പതിനാലാം സീസണിലെ രാജാക്കന്മാർ. വാശിയേറിയ ഫൈനലിൽ കൊൽക്കത്തയെ 27 റൺസിന് തോൽപ്പിച്ചാണ് എം എസ് ധോനിയുടെയും സംഘത്തിന്‍റേയും നേട്ടം. ഇത് നാലാം തവണയാണ് ചെന്നൈ ഐ പി എൽ കിരീടത്തിൽ മുത്തമിടുന്നത്.

ഒരിടവേളയ്ക്ക് ശേഷമുള്ള കിരീട വിജയം എം എസ് ധോണിക്കും സംഘത്തിനും മധുര പ്രതികാരമാണ്. കളിയുടെ എല്ലാ മേഖലയിലും മികച്ച പ്രകടനം പുറത്തെടുത്താണ് ചെന്നൈയുടെ മഞ്ഞപ്പട പതിനാലാം സീസണിലെ രാജാക്കന്മാരായത്.

ദുബായ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ ബാറ്റിംഗിന് തുണയായത് ഓപ്പണർ ഫാഫ് ഡ്യൂപ്ലെസിസാണ്.തകർപ്പൻ അർധസെഞ്ച്വറിയുമായി ഡ്യൂപ്ലെസിസ് കളം വാണപ്പോൾ കൊൽക്കത്ത ബൗളർമാർ വശം കെട്ടു. 59 പന്തിൽ നിന്നും 7 ബൗണ്ടറിയും മൂന്ന് സിക്സറും ചാരുത തൊങ്ങൽ ചാർത്തിയ ഇന്നിംഗ്സ് ചെന്നൈയെ സുരക്ഷിത സ്കോറിലെത്തിച്ചു.

37 റൺസുമായി മുയീൻഅലി ഒരറ്റത്ത് ഡ്യൂപ്ലെസിസിന് മികച്ച പിന്തുണയേകി. റോബിൻ ഉത്തപ്പ 31 റൺസും റുതുരാജ് ഗെയ്ക്ക് വാദ് 32 റൺസും നേടി. ബൗളർമാരെല്ലാം തല്ല് വാങ്ങിയ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരൈൻ മാത്രമായിരുന്നു കൊൽക്കത്ത നിരയിൽ ഭേദം. റൺമല ചേസ് ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർമാരായ വെങ്കിടേഷ് അയ്യരും ശുഭ്മാൻ ഗില്ലും നൽകിയത് സ്വപ്ന തുല്യമായ തുടക്കമാണ്.

ഇരുവരും അർധസെഞ്ച്വറിയുമായി ക്രീസിൽ തകർത്താടിയപ്പോൾ കൊൽക്കത്ത ആരാധകർക്കത് പ്രതീക്ഷയേകി. കൂട്ടുകെട്ട് പൊളിച്ച് രവീന്ദ്ര ജഡേജ ചെന്നൈയെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. പിന്നെ ദുബായ് സ്റ്റേഡിയം കണ്ടത് പവലിയനിലേക്കുള്ള കൊൽക്കത്ത ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയാണ്.ലോക്കി ഫെർഗൂസനും ശിവം മാവിയും മാത്രമാണ് കൊല്ക്കത്ത നിരയിൽ രണ്ടക്കം കണ്ടത്.

ഷാർദ്ദുൽതാക്കൂർ മൂന്ന് വിക്കറ്റും ഹാസെൽവുഡ്,ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഫാഫ് ഡ്യൂപ്ലെസിസാണ് കളിയിലെ കേമൻ. സീസണിലെ ഓറഞ്ച് ക്യാപ്പ് ചെന്നൈയുടെ റുതുരാജ് ഗെയ്ക്ക് വാദ് സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻറെ ഹർഷൽ പട്ടേലിനാണ് പർപ്പിൾ ക്യാപ്പ്. കൊൽക്കത്ത ഇതാദ്യമായാണ് ഐപിഎൽ ഫൈനലിൽ തോൽവി രുചിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News