വിനോദ സഞ്ചാര, തോട്ടം മേഖലകളിൽ നിയന്ത്രണം; ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം

ഇടുക്കി ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടല്‍ ഭീഷണിയും ഉള്ളതിനാലും, മരങ്ങള്‍ ഒടിഞ്ഞു വീഴാന്‍ സാധ്യത ഉള്ളതിനാലും തൊഴിലുറപ്പ് ജോലികള്‍ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ് ഓപ്പറേഷന്‍, ബോട്ടിംഗ് എന്നിവ അടിയന്തിരമായി ജില്ലയില്‍ നിര്‍ത്തിവയ്ക്കണം.
തോട്ടം മേഖലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് മരങ്ങളും മറ്റും ഒടിഞ്ഞുവീഴുന്നതിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും നിർത്തി വയ്ക്കണം.
ജില്ലയില്‍ നിലവിലുണ്ടായിരുന്ന രാത്രികാല യാത്രാ നിരോധനം ഒക്ടോബർ 20 വരെ നീട്ടിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ താലൂക്ക് തല ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക് സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണം. ഡാമുകളുടെ റൂള്‍ കർവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളില്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്താനും കെഎസ്ഇബി, ഇറിഗേഷന്‍, കെഡബ്‌ള്യുഎ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗ രേഖ ‘ഓറഞ്ച് ബുക്ക് 2021’ അനുസൃതമായി ജില്ലയില്‍ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.
ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ മുന്‍കൂട്ടി തന്നെ മാറ്റി താമസിപ്പിക്കും. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങൾ പാലിച്ചായിരിക്കണം ക്യാമ്പുകളുടെ പ്രവര്‍ത്തനം. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24*7 മണിക്കൂറും ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സജ്ജമാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News