ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം കുട്ടിക്കൽ പ്ലാപളിയിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്രദേശത്തെ മൂന്ന് വീടുകൾ ഒലിച്ചു പോയതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി ഉടൻ എത്തുമെന്ന് അറിയിച്ചു.

എന്നാൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണമെന്നും അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇടുക്കിയിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. തൊടുപുഴ കാഞ്ഞാറിലാണ് കാർ ഒഴുക്കിൽപ്പെട്ടത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കാറിൽ നിന്ന് കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാം തുറന്നു. ഡാം തുറന്നതിന്റെ പശ്ചാത്തലത്തിൽ ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേർട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂർ സംസ്ഥാനത്ത് ജാഗ്രതാനിർദേശമുണ്ട്. തെക്കൻ-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും.

ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. പത്തനംതിട്ടയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്. കക്കി – ആനത്തോട് ഡാം തുറക്കുന്നത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം തീരുമാനമെടുക്കും.

ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് തുടരുകയാണ്. രാത്രികാല യാത്രാനിരോധനം ഈ മാസം 20 വരെ നീട്ടി.കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയാണ്. തെന്മല ഡാമിന്റെ ഷട്ടർ ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. അഞ്ചൽ ആയൂർ പാതയിൽ റോഡ് തകർന്നു. റോഡ് നിർമാണം നടക്കുന്ന പെരിങ്ങള്ളൂർ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകർന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകർന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News