മഴക്കെടുതി; രക്ഷാപ്രവർത്തനങ്ങൾ ഊർജിതം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതം. എല്ലാ അണക്കെട്ടുകളിലേയും നിലവിലെ സ്ഥിതി വിലയിരുത്താൻ കെഎസ്ഇബിയോടും ജലവിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലേക്ക് ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്തണമെന്നും അടിയന്തിര സാഹര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ പ്രളയ സാധ്യത ഇല്ലെന്നും അനാവശ്യമായ ആശങ്കകൾ വേണ്ടെന്നും റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകസംഘങ്ങള്‍ രൂപീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ചെറിയ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും.

നദികള്‍, കായല്‍, കടല്‍ തീരങ്ങളില്‍ വസിക്കുന്നവരെ ആവശ്യമെങ്കില്‍ ഒഴിപ്പിക്കുന്നതിന് വേണ്ട സഹായം ഉറപ്പാക്കും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്താനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം, നാളെ മുതൽ ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിനാൽ വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന വിശ്വാസികൾക്ക് സർക്കാർ ഔദ്യോഗിക വൃത്തങ്ങൾ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. എൻഡിആർഎഫിൻ്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിർദ്ദേശം നൽകി.

അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസ് സേനയെ മുഴുവനായും സജ്ജമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണിയും, ശക്തമായ മഴയും തുടരുന്നതിനാൽ ജില്ലകളില്‍ പൊലീസിന്റെ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറക്കാൻ നിർദേശവും നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News