മഴക്കെടുതിയെ നേരിടാന്‍ ഒറ്റക്കെട്ടായി കേരളം; രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യബന്ധന ബോട്ടുകളും കെഎസ്ആര്‍ടിസി ജീവനക്കാരും

സംസ്ഥാനത്തിന്റെ തെക്കന്‍ കേരളത്തില്‍ പെയ്ത കനത്ത മഴയിലും ഉരുള്‍പൊട്ടലിലും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് നാട്ടുകാരും, കെഎസ്ആര്‍ടിസി ജീവനക്കാരും മത്സ്യബന്ധനബോട്ടുകളും. കനത്ത മഴയില്‍ റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ദുരിതബാധിത മേഖലയിലേക്ക് പ്രവേശിക്കാനായിരുന്നില്ല.

പലയിടത്തും പ്രദേശവാസികള്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഞായറാഴ്ചയോടെ ദുരന്തബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെത്തിയിട്ടുണ്ട്.

കൂട്ടിക്കല്‍ പ്ലാപ്പള്ളി ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇടുക്കി കൊക്കയാറിലും സമാന സാഹചര്യത്തിലായിരുന്നു. ഇവിടെ ഉരുള്‍പൊട്ടലുണ്ടായത് വളരെ വൈകിയാണ് അറിഞ്ഞത്.

അതേസമയം നാവികസേനയുടെ ഹെലികോപ്ടറുകള്‍ കൂട്ടിക്കലിലേക്കെത്തും. ദുരന്തബാധിത മേഖലയില്‍പ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കും.

കൊല്ലത്ത് നിന്ന് ഏഴ് മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ബോട്ടുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തും.

പുല്ലുപാറയിലെ ഉരുള്‍പൊട്ടലില്‍പ്പെട്ടവരെ രക്ഷിച്ചത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരാണ്. എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാരാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്. വെള്ളത്തില്‍ ഒഴുകി വന്നവരടയ്ക്കം 3 പേരെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ രക്ഷിച്ചത്.

അവിടെയുണ്ടായിരുന്ന വാഹനങ്ങളില്‍ ഏതാണ്ട് നൂറോളം ആളുകള്‍ ഉണ്ടായിരുന്നുവെന്നും അവരെയെല്ലാം രണ്ടു മണിവരെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി ഇരുത്തുകയുമായിരുന്നെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറഞ്ഞു.

അതേസമയം ദുരന്തബാധിത മേഖലയില്‍ നിന്നും മറ്റുമുള്ള വിവരങ്ങള്‍ കൈമാറുന്നതിനും സഹായമെത്തിക്കുന്നതിനും സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ രംഗത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News