മഴക്കാലം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഒപ്പം കഴിക്കേണ്ടവയും

മഴക്കാലം, മിക്കവരുടെയും പ്രിയപ്പെട്ട സമയമാണ്. ഭക്ഷണ പ്രേമികളാണെങ്കിൽ മഴയുടെ മാസങ്ങളെന്നാൽ അവർക്ക് തങ്ങളുടെ പ്രിയപ്പെട്ട പല ഭക്ഷണങ്ങളും ആസ്വദിക്കാനുള്ള കാലം കൂടിയാണ്. ഇത്തരത്തിൽ മഴ സീസൺ നമ്മളിൽ അധികപേരും സന്തോഷത്തോടെ സ്വീകരിക്കാറുണ്ടെങ്കിലും ഇത് രോഗങ്ങളുടെ കൂടി കാലമാണെന്നത് ഒട്ടുമേ മറന്നുകൂടാത്ത വസ്തുതയാണ്.

എല്ലായ്‌പ്പോഴും നനഞ്ഞിരിക്കുന്ന ചുറ്റുപാടുകൾ രോഗാണുക്കളായ സൂക്ഷ്മജീവികൾ പെരുകുന്നതിന് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നു. സാധാരണ സീസണൽ രോഗങ്ങളായ പനി, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പുറമെ മലേരിയ, ഡെങ്കു, ടൈഫോയ്ഡ് എന്നിങ്ങനെയുള്ള ഗുരുതര രോഗങ്ങളും മഴക്കാലത്താണ് തല പൊക്കുന്നത്.

അതിനാൽ തന്നെ മഴക്കാലത്തെ ആരോഗ്യപരിരക്ഷയ്ക്ക് അൽപം കൂടി കരുതലെടുക്കേണ്ടതുണ്ട്. ജീവിതരീതികളിൽ പല മാറ്റങ്ങളും ഇതിന് അനുസരിച്ച് വരുത്താം. ഡയറ്റുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കാനുള്ള ചിലത് മാത്രമാണ് ഇനി പങ്കുവയ്ക്കുന്നത്. മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങളുണ്ട്. അതുപോലെ ഡയറ്റിലുൾപ്പെടുത്തേണ്ട ഭക്ഷണവുമുണ്ട്. ആദ്യം ഒഴിവാക്കേണ്ട, പ്രധാനപ്പെട്ട നാല് ഭക്ഷണങ്ങളെ കുറിച്ചറിയാം.

സ്ട്രീറ്റ് ഫുഡ് ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. ചാട്ടുകളോ, സമൂസയോ, ചൂട് ബജിയോ ഒക്കെ ഇത്തരത്തിൽ നിരവധി പേരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. എന്നാൽ മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം മഴക്കാലത്ത് ആദ്യമേ സൂചിപ്പിച്ചത് പോലെ എല്ലായിടത്തും നനവിരിക്കുന്നതിനാൽ രോഗാണുക്കളുടെ വ്യാപനം വളരെ വേഗത്തിലായിരിക്കും. അൽപം ശുചിത്വപ്രശ്‌നം നേരിട്ടാൽ തന്നെ ഭക്ഷണം എളുപ്പത്തിൽ മലിനമായി മാറാൻ സാധ്യതകളേറെയാണ്. ഇത് ഭക്ഷണത്തിലൂടെ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളിലേക്കോ അസുഖങ്ങളിലേക്കോ നയിച്ചേക്കാം.

മഴക്കാലത്ത് ഏറെ പേരും കഴിക്കാൻ ആഗ്രഹിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്ന തരം ഭക്ഷണമാണ് ഫ്രൈഡ് ഫുഡുകൾ. എന്നാൽ മഴയുടെ സീസണിൽ ഇത്തരം ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയാണ് വേണ്ടത്. കാരണം മഴക്കാലത്ത് ദഹനപ്രവർത്തനം മന്ദഗതിയിലായിരിക്കും നടക്കുക. അങ്ങനെ വരുമ്പോൾ ഫ്രൈഡ് ഫുഡുകൾ ദഹനപ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതകളേറെയാണ്.

മീൻ വിഭവങ്ങളോട് പ്രത്യേക ഇഷ്ടമുള്ളവരുടെ മറ്റൊരു പ്രിയപ്പെട്ട മേഖലയാണ് സീ ഫുഡ്. മഴക്കാലം കടൽ വിഭവങ്ങളുടെ പ്രജനനകാലം കൂടി ആയതിനാൽ ഈ സമയത്ത് ഇവ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ജലജന്യമായ അസുഖങ്ങൾക്കുള്ള സാധ്യത ഇതുണ്ടാക്കുന്നു.

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണമാണ് ഇലക്കറികൾ. എന്നാൽ മഴക്കാലത്ത് ഇലക്കറികൾ അത്ര കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, മഴയുള്ളപ്പോൾ ഇലകളിൽ ബാക്ടീരിയ- ഫംഗസ് ബാധ കൂടുതലായിരിക്കും. അവ ശരീരത്തിലെത്തിയാൽ പല രോഗങ്ങൾക്കും, ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാം. അഥവാ ഇവ ഉപയോഗിക്കുകയാണെങ്കിൽ തന്നെ ചൂടുവെള്ളത്തിൽ മുക്കിയെടുത്ത ശേഷം മാത്രം പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കുക.

മഴക്കാലത്ത് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിശദീകരിച്ചത്. ഇനി കഴിക്കേണ്ട ചിലതിനെ കുറിച്ച് കൂടി അറിയാം. സീസണലായി വരുന്ന പഴങ്ങൾ, നട്ട്‌സ്, വള്ളികളിലുണ്ടാകുന്ന പച്ചക്കറികൾ (കുമ്പളം, പടവലം, വെള്ളരി, പാവയ്ക്ക പോലുള്ളവ) എന്നിവയെല്ലാം മഴക്കാലത്ത് നന്നായി കഴിക്കാം.

ഡയറ്റിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വെള്ളമാണ്. മഴയുള്ളപ്പോൾ ദാഹം കുറവായിരിക്കുന്നതിനാൽ മിക്കവരും വെള്ളം കുടിക്കാൻ വിട്ടുപോകും. ഇത് പല അസുഖങ്ങളിലേക്കും ക്രമേണ വഴിവയ്ക്കും. അതിനാൽ വെള്ളം ഓർത്തുവച്ച് ഇടവിട്ട് കുടിക്കാൻ ശ്രദ്ധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here