ആലപ്പുഴ ജില്ലയിൽ ആശങ്കയ്ക്ക് വകയില്ല എന്നും എന്നാൽ അതീവ ജാഗ്രത ആവശ്യമാണെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട് അപ്പർ കുട്ടനാട് പ്രദേശത്തെ അപകടകരമായ പ്രദേശത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റി കൊണ്ടിരിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
അത്സമയം, മഴ ശക്തമായതോടെ ആലപ്പുഴ – ചങ്ങനാശേരി റോഡ് നവീകരണം താൽക്കാലികമായി നിർത്തിവച്ചു. വെള്ളപ്പൊക്ക സാധ്യത മുൻനിർത്തി കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ ജാഗ്രതാ നിർദേശം നൽകി.
അച്ചൻകോവിലാർ കരകവിയുന്നതിനാൽ അടിയന്തിര സാഹചര്യം ഉണ്ടായാൽ പള്ളിപ്പാട് പഞ്ചായത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പഞ്ചായത്ത്, റവന്യൂ വകുപ്പ് അധികൃതർ യോഗം ചേർന്ന് തീരുമാനിച്ചു. വെള്ളപ്പൊക്കം രൂക്ഷമാകാൻ സാധ്യതയുള്ള ചെറുതന, വീയപുരം, കരുവാറ്റ പഞ്ചായത്തുകളിലും ഏത് സാഹചര്യവും നേരിടാനുള്ള തയാറെടുപ്പ് നടത്തിയിട്ടുണ്ട്. കാർത്തികപ്പള്ളി താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളും മിനി കൺട്രോൾ റൂമായി അവധി ദിവസങ്ങളിൽ ഉൾപ്പടെ പ്രവർത്തിക്കും.
ചെങ്ങന്നൂർ നഗരസഭയിലെ ഇറപ്പുഴ കടവിലും പുത്തൻകാവ് കുറ്റിപ്പള്ളിക്കു സമീപത്തും കീഴ്ചേരിമേൽ കോലാമുക്കം ഭാഗത്തും പമ്പയാറ്റിൽ നിന്നു വെള്ളം കയറി. നഗരസഭയിൽ 5 ക്യാംപുകൾ തുറന്നു. വെൺമണിയിൽ 10, 11, 12, 13 വാർഡുകളിൽ വീടുകളിൽ വെള്ളം കയറി. അച്ചൻകോവിലാറിന്റെ തീരത്ത് ആറാം വാർഡ് ആലംതുരുത്ത് ഭാഗത്ത് പുരയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.