മഴക്കെടുതി; കൂട്ടിക്കലില്‍ പൊലിഞ്ഞത് 13 പേരുടെ ജീവന്‍; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

കോട്ടയം കൂട്ടിക്കലില്‍ 13 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. 11 പേര്‍ ഉരുള്‍പൊട്ടലിലും 2 പേര്‍ ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. കാവാലിയില്‍ കണ്ടെത്തിയ 6 മൃതദേഹങ്ങളും ഒരു കുടുംബത്തിലുള്ളവരുടേതാണ്.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ ദുരിതത്തില്‍ പെട്ടവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി

ജില്ലയില്‍ ശനിയാഴ്ച രാവിലെ തുടങ്ങിയ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കെടുതിയില്‍ നിന്ന് ഇന്നു ഉച്ചയോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായത്. എല്ലാ സൗകര്യവും ഒരുക്കി യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം നടത്തി.

ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലേക്ക് ഫയര്‍ഫോഴ്‌സിനെയും വിവിധ സേന അംഗങ്ങളെയും എത്തിച്ചാണ് കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയത്. തെരച്ചില്‍ ദുസ്സഹമായ സ്ഥലങ്ങളില്‍ ഹിറ്റാച്ചി എത്തിച്ചാണ് തെരച്ചില്‍ നടത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ ജില്ലയില്‍ കാണാതായ 13 പേരുടെയും മൃതദേഹം കണ്ടെത്തി.

11 പേര്‍ ഉരുള്‍പൊട്ടലിലും രണ്ടുപേര്‍ ഒഴുക്കില്‍പെട്ടുമാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ കാവാലിയിലെ ഒരു കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയത് ആണ് ഏറ്റവും വലിയ ദുരന്തമായത്. രാത്രി തന്നെ ഒറ്റപ്പെട്ടുപോയ ഒരുപാട് പേരെ രക്ഷിച്ചത് വന്‍ അപകടം ഒഴിവാക്കി. മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തനം നടത്തി വരികയാണ്.

മന്ത്രിമാരായ വി എന്‍ വാസവന്‍ കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാശനഷ്ടം അടിയന്തരമായി കണക്കാക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

നിലവില്‍ മലയോരമേഖലയില്‍ ഫയര്‍ഫോഴ്‌സ് സുസജ്ജം ആണ്. ജില്ലയില്‍ അന്‍പതോളം ക്യാമ്പുകളിലായി 1800 ഓളം ആളുകളാണ് കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here