കോ‍ഴിക്കോട് ജില്ലയിൽ യെല്ലോ അലർട്ട്: ആശങ്കവേണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുവേ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്ക് പ്രകാരം ജില്ലയില്‍ കഴിഞ്ഞ ദിവസം ശരാശരി 63.9 മി.മീ മഴ ലഭിച്ചു. കാലാവസ്ഥ വകുപ്പിന്റെ കക്കയം സ്റ്റേഷനിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് 100.5 മില്ലിമീറ്റർ. കോഴിക്കോട്, കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലെ മഴ മാപിനികളിൽ യഥാക്രമം 31.6, 53, 70.4 മി.മീ വീതം മഴ രേഖപ്പെടുത്തി.

ശനിയാഴ്ച രാത്രിയിൽ വൃഷ്ടി പ്രദേശത്ത് ലഭിച്ച ശക്തമായ മഴയെ തുടർന്ന് ഇരുവഴിഞ്ഞിപുഴയിലെ ജലനിരപ്പ് ഞായറാഴ്ച രാവിലെ ഉയരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും പിന്നീട് ജലനിരപ്പ് പൂർവ്വ സ്ഥിതിയിലായി.

തോട്ടത്തിൻ കടവിലെ കേന്ദ്ര ജലകമ്മീഷൻ്റെ (CWC) നദികളിലെ ജലനിരപ്പ് നിരീക്ഷണ സംവിധാനത്തിൽ നിന്ന് ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് 24.130 മീറ്റർ ആയി ഇരുവഴിഞ്ഞി പുഴയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴും അപകട നിരപ്പായ 32.8 മീറ്ററിനേക്കാൾ താഴെയാണ് എന്നുള്ളത് ആശ്വാസകരമാണ്. കുറ്റ്യാടി പുഴയിലും ചാലിയാറിലും നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും മഴ കുറഞ്ഞതോടെ ജലനിരപ്പ് പൂർവ്വ സ്ഥിതിയിലായിട്ടുണ്ട്.

ജില്ലയിലെ അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്

വൈദ്യുതി വകുപ്പിൻറെ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 750.26 മീ ആയി ഉയർന്നിട്ടുണ്ടെങ്കിലും നിലവിൽ സംഭരണ ശേഷിയുടെ ആകെ 48.02% വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. 16.32 mcm ജലമാണ് നിലവിൽ കക്കയം അണക്കെട്ടിൽ സംഭരിച്ചിട്ടുള്ളത്.

ജലസേചന വകുപ്പിൻറെ പെരുവണ്ണാമൂഴി അണക്കെട്ടിൽ നിലവിൽ 39. 080 മീറ്ററാണ് ജലനിരപ്പ് (പരമാവധി ജലനിരപ്പ് 44.61). സംഭരണ ശേഷിയുടെ 61.38% മാണ് നിലവിൽ അണക്കെട്ടിൽ സംഭരിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ പെരുവണ്ണാമൂഴി ഡാമിലെ സ്പിൽവേ ഷട്ടർ തുറന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News