സ്ത്രീപക്ഷ സിനിമകള്‍ക്ക് അംഗീകാരം; അവാര്‍ഡുകള്‍ ജൂറി ഒറ്റക്കെട്ടായി തെരഞ്ഞെടുത്തത്: ഏറെ സന്തോഷം: സുഹാസിനി

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയതില്‍ ഏറെയും സ്ത്രീപക്ഷ ചിത്രങ്ങളാണെന്ന് ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ അധ്യക്ഷയും പ്രമുഖ നടിയുമായ സുഹാസിനി. അംഗീകാരം ലഭിച്ചവയെല്ലാം സ്ത്രീപക്ഷ ചിത്രങ്ങളാണെന്നത് ശ്രദ്ധേയമായി.

മൂന്നു പ്രത്യേക പുരസ്‌കാരങ്ങള്‍ സ്ത്രീപക്ഷ അംഗീകാരമായി. ഗോത്ര സംസ്‌കൃതിയുടെ തനിമ നിറയുന്ന ‘കളക്കാത്ത സന്ദനമേറം…’ എന്ന ഗാനത്തെ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ ജനപ്രിയമാക്കിയ ആലാപന മികവാണ് അട്ടപ്പാടി ഊരിലെ നാഞ്ചിയമ്മയ്ക്കു പ്രത്യേക പുരസ്‌കാരം നേടിക്കൊടുത്തത്.

ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ടുള്ള തുറന്നു പറച്ചിലുകളിലൂടെ സമൂഹത്തിലുള്ള സദാചാര പൊയ്മുഖങ്ങളെ തകര്‍ത്തെറിഞ്ഞ നളിനി ജമീലയുടെ സര്‍ഗാത്മക മികവിനുള്ള അംഗീകാരമായി വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍നിന്നു സിനിമയുടെ സര്‍ഗാത്മക മേഖലയിലേക്കു കടന്നു വരാനുള്ള പ്രയത്‌നത്തിനുള്ള അംഗീകാരമാണിതെന്നാണു ജൂറിയുടെ വിലയിരുത്തല്‍. ലൈംഗിക തൊഴിലാളിയുടെ ജീവിതം പ്രമേയമായ ‘ഭാരതപ്പുഴ’യില്‍ നളിനി ജമീലയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു വസ്ത്രങ്ങള്‍ ഒരുക്കിയത്.

മികച്ച സിനിമകളായി തിരഞ്ഞെടുക്കപ്പെട്ട ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനും തിങ്കളാഴ്ച നിശ്ചയവും കുടുംബത്തില്‍ സ്ത്രീക്കു നിഷേധിക്കപ്പെടുന്ന ജനാധിപത്യ അവകാശങ്ങളും ആണ്‍കോയ്മയുമാണു പ്രമേയമാക്കുന്നതെന്നും ഈ സിനിമകള്‍ ജൂറി ഏകാഭിപ്രായത്തോടെ തിരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും സുഹാസിനി മണിരത്‌നം വ്യക്തമാക്കി.

ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചാണു സിജി പ്രദീപ് പ്രത്യേക പുരസ്‌കാരം നേടിയത്. മികച്ച നടിക്കു വേണ്ടിയായിരുന്നു ഏറ്റവും കടുത്ത മത്സരമെന്നതില്‍ സന്തോഷവതിയാണെന്നും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും നേടിയിട്ടുള്ള സുഹാസിനി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News