നൊമ്പരമായി മാർട്ടിനും കുടുംബവും; 6 പേരുടേയും മൃതദേഹങ്ങൾ സംസ്കരിച്ചു

ദുരിതപ്പെയ്ത്തിൽ നൊമ്പരമായി മാർട്ടിനും കുടുംബവും. കൊക്കയാർ ഉരുൾപൊട്ടലിൽ മരിച്ച ഒരു കുടുംബത്തിലെ ആറ് പേരുടേയും മൃതദേഹം സംസ്കരിച്ചു. കാവാലി സെന്റ് മേരീസ് പള്ളിയിലായിരുന്നു സംസ്കാരം.
രണ്ടു ദിവസം മുൻപ് വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നൂറ് കണക്കിന് ആളുകളാണ് കാവാലി പള്ളിയിലെത്തിയത്. മരിച്ച മാർട്ടിന്റെയും സിനിയുടെയും വിവാഹം നടന്നതും ഇതേ പള്ളിയിൽ വച്ച്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്ക് 1 മണിയോടെയാണ് കാവാലി സെന്റ് മേരീസ് പള്ളിയിൽ മൃതദേഹങ്ങൾ എത്തിച്ചത്. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ വി എൻ വാസവനും കെ. രാധാകൃഷ്ണനും ചേർന്ന് അന്ത്യോപചാരമർപ്പിച്ചു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ ജേക്കബ് മുരിക്കൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

ഒറ്റലാങ്കൽ കുടുംബം ഒന്നാകെ മണ്ണിൽ ചേർന്നപ്പോൾ, മാർട്ടിൻ, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരുടെ സ്നേഹവും ലാളിത്യവും ഇനി ഓർമ. വർഷങ്ങളായി കേരളത്തിന്റെ പല ഭാഗത്തുമായി റബ്ബർ തോട്ടങ്ങളിൽ ടാപ്പിങ് ജോലിചെയ്തിരുന്ന മാർട്ടിൻ, അപ്പന്റെ മരണശേഷമാണ് സ്ഥിരമായി വീട്ടിൽ നിൽക്കാൻ തുടങ്ങിയത്. പാലക്കാട് റബ്ബർ ടാപ്പിങ്ങിന് പോയപ്പോൾ പരിചയപ്പെട്ട സിനിയെ വിവാഹം കഴിച്ചു.

മാർട്ടിൻ ഏകമകനായിരുന്നു. അതിനാൽ അധികം ബന്ധുക്കളില്ല. സിനിക്ക് പാലക്കാട്ടും അത്ര അടുത്ത ബന്ധുക്കളില്ലെന്ന് നാട്ടുകാർ പറയുന്നു. ഇടയ്ക്ക്, മാർട്ടിൻ കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിലും ജോലിചെയ്തിരുന്നു. മൂന്നുമാസംമുൻപ് അർബുദം സ്ഥിരീകരിച്ചതോടെ അത് നിർത്തുകയായിരുന്നു.

കുറച്ചുനാൾമുമ്പ് ആടുവളർത്തൽ തുടങ്ങി. ഒരേസമയം 40 ആടുകളെ വരെ വളർത്തിയിരുന്നു. അടുത്തിടെ ഇവയുടെ എണ്ണം 20 ആക്കി കുറച്ചു. സ്വന്തം ഭൂമിയിലെ റബ്ബർ വെട്ടാറായിട്ടില്ല. മൂന്ന് മക്കളെയും പഠിപ്പിച്ച് ഒരു നിലയിലാക്കാൻ ഭാവിയിൽ റബ്ബർ സഹായിക്കുമെന്ന് മാർട്ടിൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ആ സ്വപ്നങ്ങളെയാകെയാണ് മഴ തകർത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here