ഡാമുകൾ തുറക്കല്‍; മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി

സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. നിലവിൽ 10 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാനും നിർദേശം. ശബരിമല തുലാമാസ പൂജാ സമയത്തുള്ള  തീർത്ഥാടനം പൂര്‍ണമായും ഒഴിവാക്കി. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കോളേജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റാനും ഉന്നതതലയോഗം തീരുമാനിച്ചു.

മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന  ഉന്നതതല യോഗം വിശദമായി സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി.
ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും.  തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം.

 പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം.  പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  നിലവിൽ വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ കക്കി, മൂഴിയാര്‍, ഷോളയാര്‍, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍, മൂഴിയാര്‍ എന്നീ അണക്കെട്ടുകളിലും ജലസേചന  വകുപ്പിന്റെ  പീച്ചി,  ചിമ്മണി ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇപ്പോൾ  184 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്.  ക്യാമ്പുകളില്‍ കൂടുതൽ സജ്ജീകരണം ഉറപ്പാക്കും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുതെന്നും നിർദേശിച്ചു.

ശബരിമല തുലാമാസ പൂജാ സമയത്തുള്ള  തീർത്ഥാടനം പൂര്‍ണമായും ഒഴിവാക്കാനും  തീരുമാനിച്ചു.  ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ നിലക്കലില്‍ എത്തിയ തീര്‍ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കി. ഈ മാസം 20ലേക്ക് മാറ്റിയ കോളേജുകള്‍ തുറക്കുന്നത്  25ലേക്ക് മാറ്റാനും തീരുമാനിച്ചു. യോഗത്തില്‍ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News