മുടി തഴച്ചുവളരണോ…ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

പലരും പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ജോലിത്തിരക്കുകള്‍ക്കിടയില്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. ഇത് മുടിയ്ക്ക് പല പ്രശ്‌നങ്ങളുമുണ്ടാക്കും. മാത്രമല്ല, താരന്‍ പോലുള്ള പ്രശ്നങ്ങള്‍, ഇതല്ലാതെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, നാം മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങളും കെമിക്കലുകളും വരുത്തി വയ്ക്കുന്ന ചില പ്രശ്നങ്ങള്‍ എന്നിവയും മുടിയെ ബാധിയ്ക്കാറുണ്ട്.

ഭൂരിഭാഗം പേരിലും മുടി കൊഴിച്ചില്‍ രൂക്ഷമാണ്. വ്യായാമക്കുറവ്, ഉറക്കകുറവ് എന്നിവയൊക്കെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഘടകങ്ങളാണ്. മുടി വളരാന്‍ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇതെക്കുറിച്ചറിയൂ.

എണ്ണ ഉത്തമം

ശിരോചര്‍മ്മം മസാജ് ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചൂടാക്കിയ എണ്ണയുപയോഗിച്ചു മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കുകയും തലമുടി തഴച്ചു വളരാന്‍ സഹായിക്കുകയും ചെയ്യും.അല്‍പം ചൂടുള്ള എണ്ണ തലയോടില്‍ പുരട്ടി മുടി നല്ലതുപോലെ മസാജ് ചെയ്യുക. ഇത് പിന്നീട് അല്‍പം കഴിഞ്ഞ് കഴുകുന്നതാണ് പൊതുവേ പറയാറുള്ള വഴി.

മുടിയ്ക്ക് പോഷകങ്ങള്‍ ലഭിയ്ക്കുന്നത് ഇങ്ങനെ മുടി വേരുകളിലൂടെയാണ്. ഇതിനാലാണ് ഇതേ രീതിയില്‍ ശിരോചര്‍മത്തില്‍ മസാജ് ചെയ്യാന്‍ പറയുന്നതും. ഇത് തലയോട്ടിയിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും.

പോഷകങ്ങള്‍ മുടിയ്ക്ക് ഏറെ ആവശ്യം

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രോട്ടീനുകളും വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇലക്കറികള്‍, ബീന്‍സ്, ചെറിയ മീനുകള്‍, ചിക്കന്‍ എന്നിവ അത്തരത്തില്‍ തലമുടിക്ക് വേണ്ട പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍ എന്ന ധാതുഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ആഹാര വിഭവമാണ് മുട്ട. പലതരം നട്‌സുകളായ വാള്‍നട്ട്, ബദാം, പൈന്‍ നട്ട് എന്നിവയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും സിങ്കും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവയാണ്. നിങ്ങളുടെ ഡയറ്റില്‍ ഇവ ചേര്‍ക്കുന്നത് വഴി ആരോഗ്യമുള്ളതും ബലമുള്ളതുമായ തലമുടി ലഭ്യമാകാന്‍ സാധിക്കുന്നു.

തല കഴുകുമ്പോള്‍ ശ്രദ്ധിക്കുക

തല കഴുകാനായി ചൂടുവെള്ളം ഉപയോഗിക്കുന്നത് നിങ്ങളുടെ തലമുടിയെ വരണ്ടതാക്കാനേ കാരണമാകുകയുള്ളൂ. ഇതിനു പകരമായി തണുത്ത വെള്ളമാണ് കുളിക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇത് നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.

പരുക്കമായ തൂവാലകള്‍ ഉപയോഗിച്ചുകൊണ്ട് തല തുടയ്ക്കുന്നത് വഴി മുടിയിഴകള്‍ പൊട്ടിപ്പോകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇതിനായി ഏറ്റവും മൃദുവായ ടവ്വലുകളോ പഴയ ടി-ഷര്‍ട്ടുകളോ തിരഞ്ഞെടുക്കുക. നനഞ്ഞ മുടി കെട്ടിവെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നനഞ്ഞിരിക്കുമ്പോള്‍ തലമുടി ചീകുന്നത് ഒഴിവാക്കുക. നമ്മുടെ മുടി അമിതമായി സ്‌റ്റൈലിംഗ് ചെയ്യുമ്പോള്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന പാര്‍ശ്വഫലങ്ങളെപ്പറ്റി നമ്മള്‍ ചിന്തിക്കാറില്ല. സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളിലെ ചൂട് തലയോട്ടിയില്‍ മുടി കൊഴിച്ചില്‍ കൂടാന്‍ കാരണമാകുന്നു. ഇത് മുടിയുടെ കനം കുറയ്ക്കുകയും സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തുകയും ചെയ്യും.

ഷാംപൂ ഉപയോഗിക്കുമ്പോള്‍

ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും.ശിരോചര്‍മത്തിലെയും തലമുടിയിലേയും അഴുക്കുകളെ നീക്കം ചെയ്യുക എന്നതാണ് ഷാംപൂ ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം. ദിവസവും ഇത് പ്രയോഗിക്കുന്നത് വഴി നിങ്ങളുടെ മുടി വരണ്ടതും, ഉന്മേഷമില്ലാത്തതും, പൊട്ടിപ്പോകുന്നതുമാക്കി തീര്‍ക്കാന്‍ കാരണമാക്കുന്നു. വിവിധ ഷാംപൂകളില്‍ ധാരാളം സള്‍ഫേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. സള്‍ഫേറ്റുകളുടെ അമിത ഉപയോഗം നിങ്ങളുടെ മുടിക്ക് കേടുവരുത്തുന്നു.

ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. അമിതമായി ഷാംപൂ ഉപയോഗിക്കുന്നതുമൂലം മുടി വളരാന്‍ സഹായിക്കുന്ന നാച്ചുറല്‍ ഓയില്‍ നഷ്ടമാവാം. ഷാംപൂ ചെയ്തു കഴിഞ്ഞാല്‍ കണ്ടീഷണര്‍ ഉപയോഗിക്കാനും മറക്കരുത്. ജെല്‍, ക്രീം, സെറം എന്നിവ മിതമായ അളവില്‍ മാത്രമേ തലമുടിയില്‍ പുരട്ടാവൂ. കൂടുതലായുള്ള ഉപയോഗം തലമുടിയെ മോശമായി ബാധിക്കാം. കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടണം. മൂന്നുമാസം കൂടുമ്പോള്‍ മുടി വെട്ടുന്നതാണ് നല്ലത്. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here