മഴക്കെടുതി; ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി രംഗത്തിറങ്ങി കഴിഞ്ഞുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മഴക്കെടുതി രൂക്ഷമായ ജില്ലകളില്‍ ജി്ല്ലാ തലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലാ തലത്തില്‍ ഒരു നോഡല്‍ ഓഫീസര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതി വിവരം വിലയിരുത്തുന്നുണ്ട്. ഓറഞ്ച് ബുക്ക് 2021ലെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മുന്‍കരുതലുകളും മറ്റ് തയ്യാറെടുപ്പുകളും കൊക്കൊള്ളുന്നുണ്ട്.

ദുരന്ത സാധ്യത മനസിലാക്കി രക്ഷാപ്രവര്‍ത്തനങ്ങളും മറ്റ് സഹായങ്ങളും ലഭ്യമാക്കാന്‍ ആവശ്യമായ റിസോഴ്‌സുകള്‍ കണ്ടെത്തി സജ്ജമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക മേഖലകളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളണം. അവിടങ്ങളിള്‍ ശുദ്ധമായ കുടിവെള്ളമെത്തിക്കാനും ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കാനും നടപടികള്‍ സ്വീകരിക്കണം.

മാസ്‌കുകളും സാനിറ്റൈസറും ആവശ്യമെങ്കില്‍ പി പി ഇ കിറ്റും ലഭ്യമാക്കണം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആളുകളെ മാറ്റി പാര്‍പ്പിക്കാനും മറ്റും ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രോഡീകരിക്കണം. ഈ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറണമെന്നും മന്ത്രി പറഞ്ഞു.

നീരൊഴുക്കുകള്‍ തടസ്സപെട്ട് പ്രളയസാഹചര്യം ഉണ്ടാവുന്ന പ്രദേശങ്ങളില്‍ തടസ്സങ്ങള്‍ നീക്കുവാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാവണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അപകടാവസ്ഥ അതത് സമയത്ത് ജില്ലാ ഭരണകൂടത്തെ അറിയിക്കേണ്ടതാണ്. അടിയന്തര സാഹചര്യങ്ങളില്‍ സഹായിക്കാന്‍ പറ്റുന്ന ഉപകരണങ്ങളുടെയും മറ്റ് സംവിധാനങ്ങളുടെയും പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി വെക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

വനമേഖലകളില്‍ വനം വകുപ്പിന്റെയും ആദിവാസി പ്രമോട്ടര്‍മാരുടെയും സഹായത്തോടെ കനത്തമഴ പെയ്തതും മണ്ണിടിച്ചിലിന് സാധ്യതയുള്ളതുമായ പ്രദേശങ്ങള്‍ മനസിലാക്കി മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News