പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ പുലര്‍ച്ചെ തുറക്കും

പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ പുലര്‍ച്ചെ തുറക്കും. പുലര്‍ച്ചെ അഞ്ചിന് ശേഷം ഷട്ടര്‍ തുറക്കാന്‍ തീരുമാനം. ജനവാസ മേഖലകളില് പരമാവധി 10 സെന്റീമീറ്ററില് കൂടുതല് ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില് എത്തുന്നതാണെന്നും ജനങ്ങള് ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ 2 ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ ആറു മണിക്ക് 2 ഷട്ടറുകള്‍ 80 സെ.മീ വീതമാണ് തുറക്കുക. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

ക‍ഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മ‍ഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലിന് മുകളിലെത്തിയിരുന്നു.ഡാമിലെ പരമാവധി ജലനിരപ്പ് 169 മീറ്ററാണ്.166.8 മീറ്ററിലെത്തുമ്പോള്‍ റെഡ്  അലര്‍ട്ട് നല്‍കിയാണ് സാധാരണ ഡാം തുറക്കാറുള്ളത്.

എന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതി വന്നാല്‍ രണ്ട് ഡാമുകളും ഒരുമിച്ച് തുറക്കുന്ന സാഹചര്യമുണ്ടാവുകയും പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാനുമിടയുണ്ട്. ആ സാഹചര്യം ഒ‍ഴുവാക്കുന്നതിന്‍റെ ഭാഗമായാണ് ഇടമലയാറിന്‍റെ രണ്ട് ഷട്ടറുകള്‍ 80 സെന്‍റിമീറ്റര്‍ വീതം നാളെ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.സെക്കന്‍റില്‍ 100 ക്യുബിക്ക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒ‍ഴുക്കുക.

പെരിയാറില്‍ ജലനിരപ്പുയരുമെന്നതിനാല്‍ തീരനിവാസികളോട് ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.ഡാം തുറക്കുന്നതിനു മുന്നോടിയായി മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ ആലുവയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.ഏത് സാഹചര്യവും നേരിടാന്‍ എറണാകുളം ജില്ല സജ്ജമാണെന്ന് യോഗത്തിനു ശേഷം മന്ത്രി പി.രാജീവ് അറിയിച്ചു.

2018 ലാണ് ഇതിനു മുന്‍പ് ഇടമലയാര്‍ ഡാം തുറന്നത്. നാളെ വീണ്ടും തുറക്കുന്ന സാഹചര്യത്തില്‍  പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ വ്യതിയാനം പ്രതീക്ഷിക്കുന്നില്ല.എങ്കിലും തീരപ്രദേശങ്ങളിലുള്ളവരെ ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കാനായി കൂടുതല്‍ ക്യാമ്പുകള്‍ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News