പേപ്പാറ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍

സംസ്ഥാനത്തെ തീവ്ര മ‍ഴയെ തുടര്‍ന്ന് തിരുവനന്തപുരം പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകൾ 200 സെ.മീ വരെ ഉയർത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് രാത്രി പത്ത് മണിയോടെ ഒന്നും നാലും ഷട്ടറുകൾ അഞ്ച് സെ.മീ വീതം ഉയർത്തും.

നാളെ രാവിലെ നാല് മണിക്ക് ഇതേ അളവിൽ 30 സെ.മീ കൂടി ഉയർത്തും . ഡാം തുറക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയാണ് തുടരുന്നത്. തിരുവനന്തപുരം നെയ്യാർ , അരുവിക്കര ഡാമുകളും തുറന്നിട്ടുണ്ട്.

അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാം തുറക്കാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11 മണിക്ക് ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 50 സെന്റി മീറ്റര്‍ രണ്ട് ഷട്ടര്‍ തുറന്ന് 100 ക്യുമക്സ് (ഒരു ലക്ഷം ലിറ്റര്‍ ) വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് 2395-2396 അടിയില്‍ നിയന്ത്രിക്കുക എന്നതാണ് തീരുമാനം.

മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഡാമിലേക്ക് വരുന്ന നീരുറവ എത്രയാണെന്നും അതിനനുസരിച്ച് കൂടുതല്‍ ജലം ഒഴിക്കി വിടാനുമാണ് തീരുമാനം.

ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും, അനാവശ്യമായി പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങാതിരിക്കാനും, രാത്രകാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here