തൃശൂർ ജില്ലയിൽ മഴയ്ക്ക് ശമനം; ചാലക്കുടി പുഴയിൽ ജലനിരപ്പ് താ‍ഴുന്നു

തൃശൂർ ജില്ലയിൽ ഇന്നലെ രാത്രിമുതല്‍ മഴയ്ക്ക് ശമനം. ഇതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് അല്പം താഴ്ന്നു. ജില്ലയിൽ 22 ദുരിതാശ്വാസ  ക്യാമ്പുകളിലായി 138 കുടുംബങ്ങളാണ് നിലവില്‍ താമസിക്കുന്നത്.

ഷോളയാർ ഡാമിൽ നിന്നും തുറന്ന് വിടുന്ന വെള്ളം പെരിങ്ങൽക്കുത്തിൽ എത്തി അവിടെ നിന്നും ചാലക്കുടി പുഴയിലേക്ക് തുറന്നു വിടുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ള കൂടുതൽ പേരെ മാറ്റി പാർപ്പിച്ചു.

അതിനിടെ ഇന്നലെ രാത്രി മുതല്‍ ജില്ലയില്‍  മഴക്ക് ശമനമുണ്ടായത് മൂലം ചാലക്കുടി  പുഴയിൽ  ജലനിരപ്പ് 4.31 മീറ്റർ ആയി കുറഞ്ഞു.  ജലനിരപ്പ് 7.1 മീറ്റർ ആയാൽ വീണ്ടും മുന്നറിയിപ്പ് നല്‍കും. ജില്ലയിൽ നിലവിൽ 22 ക്യാമ്പുകളിലായി 138 കുടുംബങ്ങളാണുള്ളത്. ഇതിൽ  166 പുരുഷൻമാരും 208 സ്ത്രീകളും 86 കുട്ടികളുമുണ്ട്.

മണ്ണിടിച്ചിൽ, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളാണ് അധികൃതരുടെ നിർദേശപ്രകാരം ക്യാമ്പുകളിലെത്തിയത്. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്.  കൂടുതൽ ക്യാമ്പുകൾ ആവശ്യാനുസരണം തുറക്കാൻ എല്ലാ പഞ്ചായത്തുകളും സജ്ജമായിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ടും മഴക്കെടുതികളും തുടരുകയാണ്.

തെക്കും കരയിൽ ഒഴുക്കിൽ പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.  കുണ്ടുകാട്, നിർമ്മല ഹൈസ്കൂളിനു സമീപം താമസിക്കുന്ന 72 വയസുള്ള ജോസഫിന്റെ  മൃതദേഹം ആണ് കണ്ടത്തിയത്. ചിമ്മിനി- പീച്ചി അണക്കെട്ടുകൾ തുറന്നതിനാൽ കുറുമാലി- മണലി പുഴകളുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

കൊടുങ്ങല്ലൂർ താലൂക്കിലെ കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളിൽ കനത്ത മഴയിലും, കനോലി കനാൽ കവിഞ്ഞൊഴുകിയും വെള്ളക്കെട്ട് രൂപപ്പെട്ടു.

മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here