കിഴക്കന്‍ കാറ്റ് സജീവമാകുന്നു; കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 23 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20 ) മുതല്‍ ശനിയാഴ്ച (ഒക്ടോബര്‍ 23) വരെ
വ്യാപകമായ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത.

കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ GFS മോഡല്‍ പ്രവചനപ്രകാരം ഇന്ന് (ഒക്ടോബര്‍ 19) മലയോര ജില്ലകളില്‍ സാധാരണ മഴയും നാളെ (ഒക്ടോബര്‍ 20) കേരളത്തില്‍ വ്യാപകമായും മഴ ലഭിക്കാന്‍ സാധ്യത. മലയോര ജില്ലകളില്‍ അതി ശക്തമായ മഴക്കും സാധ്യത.

വിവിധ മോഡലുകള്‍ (NCWRF ന്റെ NCUM മോഡല്‍, ECMWF മോഡല്‍ , GFS മോഡല്‍) പ്രകാരവും ഇന്ന് കേരളത്തില്‍ സാധരണ മഴയും ബുധന്‍(20.10.2021 ) വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായ മഴയും മലയോരപ്രേദേശങ്ങളില്‍ അതിശക്തമായ മഴയും പ്രവചിക്കുന്നു.

കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്‍ലോ അലേര്‍ട്ടും തൃശൂര്‍, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഗ്രീന്‍ അലേര്‍ട്ടും, നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. 21 ഒക്ടോബര് വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്‍ലോ പ്രഖ്യാപിച്ചിരിക്കുന്നു.

ഭാരതപ്പുഴ,പെരിയാര്‍,അപ്പര്‍ പെരിയാര്‍, പമ്പ നദീതീരങ്ങളില്‍ ഇന്ന് 11 – 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും നാളെ ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങളില്‍ 26-37 mm മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 11 – 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബര് 21 വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി,അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 38 – 50 mm മഴയും മീനച്ചിലില്‍ 26 – 37 mm മഴയും അച്ചന്‌കോവിലില്‍ 11 – 25 mm മഴയും ലഭിക്കാന്‍ സാധ്യത. ഒക്ടോബര്‍ 22 വെള്ളിയാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി,മീനച്ചില്‍ നദീതീരങ്ങളില്‍ 38 – 50 mm മഴയും പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 26 – 37 mm മഴയും ലഭിക്കാന്‍ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ല്‍ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2021/05/orangebook_2021.pdf ഈ ലിങ്കില്‍ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് അലെര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. റവന്യു വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പേജും ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റെര്‍ പേജുകളും പരിശോധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here