മീഹെൽപ് ഇന്ത്യ വിർച്യുൽ കോൺഫെറൻസിന് ഒക്ടോബർ 20ന് തുടക്കം

കേരളത്തിലെ നഗര-ഗ്രാമീണ പ്രദേശങ്ങളിലെ മാനസികാരോഗ്യ സാക്ഷരത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മീ ഹെല്പ് ഇന്ത്യ പ്രൊജക്റ്റ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി നടന്നുകൊണ്ടിരിക്കുന്ന പഠനത്തിന്റെ കണ്ടെത്തലുകൾ പങ്കുവയ്ക്കാനും മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുമായി സംഘടിപ്പിക്കുന്ന വിർച്യുൽ കോൺഫെറൻസിനു ഒക്ടോബര് 20 തുടക്കമാകും.

ആറ്‌ ദിവസം നീണ്ടുനിൽക്കുന്ന പരിപാടി രണ്ടു ഭാഗങ്ങളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. 20മുതൽ 22 വരെ നീളുന്ന കേരള കോൺഫറൻസും 25നു തുടങ്ങി 27നു അവസാനിക്കുന്ന പാൻ ഇന്ത്യ കോൺഫെറെൻസും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ 7.50 വരെയാണ് പരിപാടിആസൂത്രണം ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്

2018ലാണ് ഇന്ത്യയിലെയും യു.കെയിലെയും മാനസികാരോഗ്യ വിദഗ്ധരെയും കലാരംഗത്തുള്ളവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മീഹെൽപ് പ്രൊജക്റ്റ് ആരംഭിച്ചത്. യു.കെയിലെ ലെയ്‌സെസ്റ്ററിലുള്ള ഡീ മൊൻഡ്‌ഫോർട് യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് ആൻഡ് ലൈഫ് സയൻസസ് വകുപ്പിൽ മെന്റൽ ഹെൽത്ത് വിഭാഗം അധ്യാപകനായ ഡോ. രഘു രാഘവനാണ് പഠനത്തിന് നേതൃത്വം നൽകിയത്.

കേരളത്തിലെ എട്ട് പ്രദേശങ്ങൾ (ചോറ്റാനിക്കര,ഇടപ്പള്ളി,എലപ്പുള്ളി, അട്ടപ്പാടി,വൈലത്തൂർ,പൊന്നാനി,പയ്യോളി,കോഴിക്കോട്) തെരഞ്ഞെടുത്ത് അവയുടെ സംസ്കാരത്തിനു അനുസൃതമായ മാനസികാരോഗ്യ സാക്ഷരത വളർത്തിയെടുക്കുക എന്നതായിരുന്നു പ്രധാനോദ്ദേശ്യം. കഴിഞ്ഞ മൂന്നു വർഷമായി കഥപറച്ചിൽ, നാടകങ്ങൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങിയവയിലൂടെ മാനസിക പ്രശ്നം നേരിടുന്നവരിലേക്കും അവരുടെ കുടുംബങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയും അവർ നേരിടുന്ന വിവിധതരം വെല്ലുവിളികളെ മനസ്സിലാക്കാനുമാണ് പ്രോജക്ട് ശ്രമിച്ചത്.

കലാപരവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളെ മാധ്യമമാക്കി മനസികാരോഗ്യവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകകളും സംവാദങ്ങളും പഠനത്തിന്റെ ഭാഗമായി നടന്നിട്ടുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ രീതിശാസ്ത്രം ഉപയോഗിച്ച് നടക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും ആദ്യ പഠനം എന്ന പ്രത്യേകതയും മീഹെല്പിനുണ്ട്.

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്കിടയിലും പഠനം നിലച്ചില്ലെന്നു മാത്രമല്ല ഓൺലൈനായി നവീന മാർഗ്ഗങ്ങളിലൂടെ ജനങ്ങളുമായി നിരന്തരം സംഭാഷണത്തിലേർപ്പെട്ടുകൊണ്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ മാനസികാരോഗ്യ സാക്ഷരതയെ ആഴത്തിൽ അളന്ന, അത് വർധിപ്പിക്കുവാൻ ഫലപ്രദമായ മാതൃകകൾ മുന്നോട്ട് വയ്ക്കുന്ന മീഹെൽപ് ഇന്ത്യയുടെ പ്രധാന കണ്ടെത്തലുകൾക്ക് പ്രചാരം നൽകുക എന്നതാണ് ഓൺലൈൻ കോൺഫറൻസ് ലക്ഷ്യമിടുന്നത്.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് പങ്കെടുക്കാൻ കഴിയുന്ന ഓൺലൈൻ അന്താരാഷ്ട്ര സമ്മേളനം ഒക്ടോബര് 20ന് കേരള സർവകലാശാല ഹെൽത്ത് സയൻസസ് വകുപ്പ് മേധാവി ഡോ . മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യും. ഡോ. ജയപ്രകാശൻ, ഡോ . ഷാജി കെ എസ്, ഡോ. വർഗീസ് പൊന്നൂസ്, ഡോ .വിനു പ്രസാദ്, ഡോ .നാരായണൻ എന്നിവർ ആദ്യദിന സമ്മേളനത്തിൽ പങ്കെടുക്കും.

ഇവർക്ക് പുറമെ അഭിനേത്രി അർച്ചന കവി, സംവിധായകൻ ഡോൺ പാലത്തറ, ഡോ . ഇന്ദു പി. എസ് , ഡോ . കൃഷ്ണകുമാർ,ഡോ . സി. ജെ ജോൺ, ഡോ . അഖിൽ മാനുവെൽ തുടങ്ങിയവരും കേരള കോൺഫറൻസിൻ്റെ ഭാഗമാകും. തത്സമയ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ https://www.mdc2021.mehelp.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News