അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പ്രതിനിധി സ്ഥാനമൊഴിഞ്ഞ് സാല്‍മെ ഖാലില്‍സാദ്

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പ്രതിനിധി സ്ഥാനമൊഴിഞ്ഞ് സാല്‍മെ ഖാലില്‍സാദ്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി രണ്ട് മാസമാകുന്ന ഘട്ടത്തിലാണ് അമേരിക്കന്‍ പ്രതിനിധിയുടെ രാജി. അഫ്ഗാന്‍ സര്‍ക്കാരിന്റെ പതനവും താലിബാന്‍ അധികാരം കൈക്കലാക്കിയതും ഖാലില്‍സാദിന് മേല്‍ വലിയ സമ്മര്‍ദം സൃഷ്ടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഖാലില്‍സാദ് പദവിയൊഴിയുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്

അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള രാഷ്ട്രീയപരമായ വ്യവസ്ഥ മുന്‍കൂട്ടി ആലോചിച്ച പ്രകാരം നടന്നില്ല എന്ന് പദവിയൊഴിയുന്ന കാര്യം അറിയിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് നല്‍കിയ കത്തില്‍ ഖാലില്‍സാദ് പറയുന്നു.

ടോം വെസ്റ്റ് ആണ് പുതിയ സ്ഥാനപതിയായി ചുമതലയേല്‍ക്കുമെന്ന് ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.

താലിബാനുമായി അമേരിക്ക നടത്തിയിരുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് സാല്‍മെ ഖാലില്‍സാദായിരുന്നു. എന്നാല്‍ മാസങ്ങളോളം നീണ്ടുനിന്ന നയതന്ത്ര ചര്‍ച്ചകള്‍ നടന്നിട്ടും അഫ്ഗാനില്‍ അധികാരം പിടിച്ചെടുക്കുന്നതില്‍ നിന്നും താലിബാനെ തടയാന്‍ അമേരിക്കയ്ക്ക് സാധിച്ചിരുന്നില്ല.

മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ് എന്നിവരുടെ ഭരണത്തിന് കീഴിലും നയതന്ത്ര ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചയാളാണ് സാല്‍മെ ഖാലില്‍സാദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here