കൊക്കയാറില്‍ ഒറ്റ സെക്കന്‍റിന്‍റെ ദുരന്തം ഏല്‍പ്പിച്ച  മുറിവിനെ മറികടന്നത് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്ന കൃത്യമായ ദുരിതാശ്വാസപ്രവര്‍ത്തനം

കൊക്കയാറില്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസപ്രവര്‍ത്തനം കൃത്യം. ഒറ്റ സെക്കന്‍റിന്‍റെ ദുരന്തം ഏല്‍പ്പിച്ച  മുറിവിനെ മറികടന്നത് കൃത്യമായ ആസൂത്രണത്തിലെന്ന് വ്യക്തം.

ഉരുൾപൊട്ടൽ ദുരിതം വിതച്ച ഇടുക്കി കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന പ്രതിപക്ഷവാദം തെറ്റാണെന്നാണ് പിന്നീട് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.  അധികൃതര്‍ വൈകിയാണ് സംഭവമറിഞ്ഞത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വാദം.

എന്നാല്‍ കൊക്കയാറില്‍ ഉരുള്‍പൊട്ടി വൈകാതെ തന്നെ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുടെ ഏകോപനത്തില്‍ കണ്ടത് കൃത്യമായ ആസൂത്രണം.  അപകടമുണ്ടായപ്പോള്‍ തന്നെ പലയിടങ്ങളിലായി ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനായത് വലിയ ദുരന്തങ്ങള്‍ ഒഴിവാക്കി.

പൊലീസ്- എന്‍ഡിആര്‍എഫ്- ഫയര്‍ഫോ‍ഴ്സ് സംഘം ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരുള്‍പ്പെടെ ഏ‍ഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍ കുടുങ്ങിപ്പോയ അനവധിയാളുകളെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി.

നാടിന്‍റെ യുവത സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടെ നിന്ന് കരുത്ത് പകര്‍ന്നു. മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ രാജനും കെ രാധാകൃഷ്ണനും പലതവണ കൊക്കയാറിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

സംസ്ഥാനത്താകെ മ‍ഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച സഹായധനവും ആശുപത്രികളില്‍ ക‍ഴിയുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ മികച്ച ചികിത്സയും ഇടതുപക്ഷ സര്‍ക്കാരിന്‍റെ കരുതലിന്‍റെ നേര്‍സാക്ഷ്യമായി മാറി. സംസ്ഥാനത്തിന്‍റെ മലഞ്ചരിവുകളില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിത ദുരിതങ്ങള്‍ക്കൊപ്പം പലതവണ കരുതലായി നിന്നിട്ടുണ്ട് ഈ സര്‍ക്കാര്‍.

ഇത്തവണ കൂട്ടിക്കലിലും കൊക്കയാറിലും പൊട്ടിയൊലിച്ച ദുരന്തത്തില്‍ പെട്ടുപോകുമായിരുന്ന അനവധി ജീവനുകളെ രക്ഷിച്ചത് യുദ്ധകാലാടിസ്ഥാനത്തിൽ മന്ത്രിമാരും സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തിയ ഏകോപിത പ്രവർത്തനത്തിലൂടെയാണെന്ന് വ്യക്തമാകുകയാണ്.

ഒപ്പം, സംസ്ഥാനമൊട്ടാകെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിന് നേരെ പ്രതിപക്ഷം നടത്തുന്ന വിമര്‍ശനം കേരളസമൂഹത്തിനിടയില്‍ വീണ്ടും ഒറ്റപ്പെടുക തന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here