സി.എസ്.ബി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക: സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സി.എസ്.ബി) – ജീവനക്കാര്‍ മാനേജ്മെന്‍റിന്‍റെ തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് സമരം സംസ്ഥാനത്തെ എല്ലാ തൊഴിലാളികളും വിജയിപ്പിക്കണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്.

ഒക്ടോബര്‍ 20, 21, 22 തീയ്യതികളിലാണ് പണിമുടക്ക്. ഈ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒക്ടോബര്‍ 22 ന് സംസ്ഥാനത്തെ മുഴുവന്‍ ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കും. ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കാന്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സമരസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് ദിവസങ്ങളില്‍ ഐക്യദാര്‍ഡ്യ സമരം സംഘടിപ്പിക്കും.
മറ്റെല്ലാ ബാങ്കുകളിലും നടപ്പാക്കിയ 11-ാം ശമ്പള പരിഷ്കരണ കരാര്‍ നടപ്പിലാക്കുക, മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

സി.എസ്.ബി.യുടെ 50 ശതമാനം ഓഹരി വാങ്ങിയ ഫെയര്‍ഫാക്സ് എന്ന കനേഡിയന്‍ കമ്പനിയാണ് ഈ ബാങ്കിലെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ പരീക്ഷണം സി.എസ്.ബി.യില്‍ വിജയിച്ചാല്‍ മറ്റ് ബാങ്കുകളിലേക്കും വ്യാപിക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരും, ഓഫീസര്‍മാരും സി.എസ്.ബി. പണിമുടക്കിന് ഐക്യദാർഢ്യവുമായി രംഗത്ത് വന്നത്.

സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലും, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും പ്രശ്നത്തിലിടപെട്ട് മാനേജ്മെന്‍റുമായി സംസാരിച്ചു. കേരളം ആസ്ഥാനമായ ഒരു ബാങ്ക് മാനേജ്മെന്‍റ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലിനെയും മാനിച്ചില്ല. ഈ ധിക്കാരം പൊറുപ്പിക്കാനാവാത്തതാണ്.

ഒക്ടോബര്‍ 20, 21, 22 തീയ്യതികളില്‍ സി.എസ്.ബി.യുടെ മുഴുവന്‍ ബ്രാഞ്ചുകളും ഹെഡ് ഓഫീസും സ്തംഭിക്കും വിധം സമരത്തില്‍ അണിചേരാന്‍ എല്ലാ തൊഴിലാളികളോടും അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News