പെരിയാർ തീരത്ത് ആശങ്കയൊഴിയുന്നു

ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നുള്ള വെള്ളം ആലുവയിലെത്തിയെങ്കിലും പെരിയാർ തീരത്ത് ആശങ്കയൊഴിഞ്ഞു. ഇടുക്കിയിൽ നിന്നുള്ള വെള്ളം അർധരാത്രിയോടെ ആലുവയിൽ എത്തിയപ്പോൾ ജലനിരപ്പ് ഒരു മീറ്ററോളം മാത്രമാണ് ഉയർന്നത്. മുന്നറിയിപ്പ് ലെവലിലും ഏറെ താഴെയാണിത്. എങ്കിലും മുൻകരുതൽ നടപടികൾ ഇന്നലെത്തന്നെ ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിരുന്നു. അതേസമയം ജില്ലയിൽ മഴ മുന്നറിയിപ്പുണ്ടെങ്കിലും നിലവിൽ തെളിഞ്ഞ കാലാവസ്ഥയാണ്.

ഇന്നലെ രാവിലെ 6 മണിക്ക് തുറന്ന ഇടമലയാർ ഡാമിലെ വെള്ളം ഉച്ചയോടെ പെരിയാറിലെത്തിയെങ്കിലും ജലനിരപ്പിൽ കാര്യമായ വ്യതിയാനമുണ്ടായില്ല. ഇടുക്കിയിൽ നിന്നുള്ള വെള്ളം അർധരാത്രിയോടെയാണ് ആലുവയിലെത്തിയത്. വിദഗ്ധർ കണക്കു കൂട്ടിയതനുസരിച്ച് ഒരു മീറ്റർ മാത്രമായിരുന്നു പെരിയാറിൽ ജലനിരപ്പുയർന്നത്. ഇതോടെ തീരത്തെ ആശങ്കയൊഴിഞ്ഞു. അതേസമയം, എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പൊലീസ്, എൻ ഡി ആർ എഫ് സംഘത്തിനു പുറമെ ഫയർഫോഴ്സിൻ്റെ സ്കൂബ ടീം എന്നിവർ ഇന്നലെത്തന്നെ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുത്തു കഴിഞ്ഞിരുന്നു. ഒപ്പം മത്സ്യത്തൊഴിലാളി സൈന്യവും രംഗത്തിറങ്ങിയിരുന്നു. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഈ മാസം 24 വരെ ജില്ലയിൽ ക്വാറി പ്രവർത്തനം നിർത്തി വെയ്ക്കാൻ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കാനും കളക്ടർ നിർദേശം നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here