പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനം; ജാഗ്രത കൈവിടാതെ മലയോരജില്ല

മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും മലയോരജില്ലയായ പത്തനംതിട്ടയില്‍ മഴ മാറി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം തുറന്ന രണ്ട് ഡാമുകളിലെയും വെള്ളം നദിയിലേക്കൊഴുകിയെത്തിയെങ്കിലും ജലനിരപ്പ് ഉയരാത്തതും ജില്ലയ്ക്ക് ആശ്വാസം പകരുന്നു. നിലവില്‍ 151 ക്യാമ്പുകളിലായി 7000ത്തിലേറെപ്പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ കാര്‍മേഘങ്ങള്‍ ഒന്നു മാറിനില്‍ക്കുന്നുണ്ടെങ്കിലും മലയോരജില്ല ജാഗ്രതയിലാണ്.

രണ്ടു ദിവസത്തെ മഴ മുന്നറിയിപ്പില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലനില്‍ക്കുന്നത്. എന്നാല്‍ നിലവില്‍ ചൂടു കൂടിയ കാലാവസ്ഥയാണ് പ്രകടമായി അനുഭവപ്പെടുന്നത്. ഇതിനിടെ വരും മണിക്കൂറില്‍ മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുള്ള മേഖലകളില്‍ നിന്ന് കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു.

അതേസമയം, കക്കി, പമ്പാ ഡാമുകളുടെ ഷട്ടറുകളിലൂടെ ഒഴുകിയ വെള്ളം നദികളില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതിരുന്നത് ഏറെ ആശ്വാസകരമായി. പമ്പാ, ത്രിവേണി ഭാഗങ്ങളില്‍ മാത്രമാണ് ജലനിരപ്പില്‍ നേരിയ ഉയര്‍ച്ച പ്രതിഫലിച്ചത്. തുടര്‍ച്ചയായ മഴമൂലം സംഭവിച്ച കൃഷി നാശത്തിന്റെ കണക്കുകള്‍ കൃഷി വകുപ്പ് ശേഖരിച്ച് തുടങ്ങി. 15 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമികമായ വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News