കടയ്ക്കോട് വിശ്വംഭരൻ സ്മാരക പുരസ്കാരങ്ങൾ രാവുണ്ണിക്കും ഹർഷകുമാറിനും

പ്രമുഖ കാഥികനും ഭാഷാ പണ്ഡിതനും കവിയുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ്റെ സ്മരണാർത്ഥമുള്ള പുരസ്കാരങ്ങൾക്ക് കവി ഡോ.സി.രാവുണ്ണിയും കാഥികൻ പ്രൊഫ.വി.ഹർഷകുമാറും അർഹരായി. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനാണ് പുരസ്കാരങ്ങൾ നൽകുന്നത്.
കടയ്ക്കോട് വിശ്വംഭരൻ്റെ പേരിലുള്ള പ്രഥമ കവിതാ പുരസ്കാരത്തിനാണ് രാവുണ്ണി അർഹനായത്.

കറുത്ത വറ്റേ, കറുത്ത വറ്റേ എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. എഴുത്തുകാരും, പ്രസാധകരും, വായനക്കാരും അയച്ചു നൽകിയ നിരവധി പുസ്തകങ്ങളിൽ നിന്നാണ് രാവുണ്ണിയുടെ കൃതി തിരഞ്ഞെടുത്തത്. കുരീപ്പുഴ ശ്രീകുമാർ ചെയർമാനും ഡോ.സി ഉണ്ണികൃഷ്ണൻ, പെരുമ്പുഴ ഗോപാലകൃഷ്ണ പിളള എന്നിവർ അംഗങ്ങളുമായ സമിതിയാണ് കവിതാപുരസ്കാരംനിർണ്ണയിച്ചത്.

വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ശ്രദ്ധേയമായ കവിതകൾ എഴുതിയിരുന്ന രാവുണ്ണി സംഗീത നാടക അക്കാദമിയുടെ മുൻ സെക്രട്ടറിയാണ്. മനുഷ്യൻ്റെ സ്വപ്നങ്ങളെയും സ്വപ്ന ഭംഗങ്ങളെയും
ആധുനികതയുടെ മഷി ഉപയോഗിച്ച് രേഖപ്പെടുത്തിയതാണ് രാവുണ്ണിയുടെ കവിത. ഭാവിയുടെ വർണ്ണ ചിത്രങ്ങളാണ് രാവുണ്ണി വരച്ചിടുന്നതെന്ന് പുരസ്ക്കാര നിർണ്ണയ സമിതി വിലയിരുത്തി.
കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണ് ഹർഷകുമാറിന്.

പ്രശസ്ത സാഹിത്യകാരൻ അശോകൻ ചരുവിൽ ചെയർമാനും ഡോ.വസന്തകുമാർ സാംബശിവൻ, ബി.സാംബശിവൻ എന്നിവർ അംഗങ്ങളുമായുള്ള വിധി നിർണ്ണയ സമിതിയാണ് ഹർഷ കുമാറിനെ തിരഞ്ഞെടുത്തത്. 61 വർഷമായി കഥാപ്രസംഗ രംഗത്തുള്ള ഹർഷകുമാർ പതിനായിരത്തിലധികം വേദികളിൽ കഥ പറഞ്ഞിട്ടുണ്ട്. പ്രാദേശികവും വൈദേശികവുമായ കഥകളെ സാധാരണക്കാരൻ്റെ ലാവണ്യ ബോധത്തോട് ചേർത്ത് നിറുത്തി സാമൂഹിക പ്രതിബദ്ധത ചോരാതെ അവതരിപ്പിച്ചു എന്നതിലാണ് ഹർഷകുമാറിൻ്റെ മികവ്.

74 കാരനായ ഹർഷകുമാർ ഇപ്പോഴും കഥാപ്രസംഗ വേദികളിൽ സജീവമാണെന്നത് അദ്ദേഹത്തിൻ്റെ സ്വീകാര്യതയുടെ അടയാളമാണെന്ന് വിധി നിർണ്ണയ സമിതി വിലയിരുത്തി. കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ ഫൗണ്ടേഷൻ രക്ഷാധികാരിയും പു.ക.സ.ജില്ലാ സെക്രട്ടറിയുമായ ഡോ.സി ഉണ്ണികൃഷ്ണനാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. ഡോ. വസന്തകുമാർ സാംബശിവൻ,ഫൗണ്ടേഷൻ ചെയർമാൻ എഴുകോൺ സന്തോഷ്, ജനറൽ സെക്രട്ടറി വി.സന്ദീപ്, ഭാരവാഹികളായ ആർ.പ്രഭാകരൻ പിള്ള, അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് എന്നിവർ സന്നിഹിതരായിരുന്നു.

23-ന് വൈകിട്ട് മൂന്നിന് എഴുകോൺ കോളന്നൂരിലെ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും. സംസ്ഥാന തലത്തിൽ ഓൺലൈനായി നടന്നുവരുന്ന കഥാപ്രസംഗ മത്സരത്തിലെ വിജയികൾക്ക് ഈ ചടങ്ങിൽ സമ്മാനങ്ങൾ നൽകും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News