ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ ജാഗ്രത; എല്ലാവരും മാസ്‌ക് ധരിക്കണം.അകന്നിരുന്ന് ഭക്ഷണം കഴിക്കണം:മുഖ്യമന്ത്രി

ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി . ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കണം;എല്ലാവരും മാസ്‌ക് ധരിക്കണം.അകന്നിരുന്ന് ഭക്ഷണം കഴിക്കണം

ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് വലിയ പങ്കാണ് ഉള്ളത്. ഇവരോടൊപ്പം റവന്യൂ, ആരോഗ്യ വകുപ്പുകൾ കൂടിച്ചേർന്ന് ഏകോപിതമായി ആവശ്യമായ സജ്ജീകരണങ്ങൾ ക്യാമ്പുകളിൽ ഉറപ്പുവരുത്തണം. ക്യാമ്പിലുള്ളവർക്ക് അസുഖം വന്നാൽ അവരെ പ്രത്യേക സ്ഥലത്ത് മാറ്റണം. സിഎഫ്എൽടിസികളിലോ ആശുപത്രികളിലോ മാറ്റി ചികിത്സിക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് കൈക്കൊള്ളണം.

ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

ക്യാമ്പുകളിലുള്ളവരും സന്നദ്ധ പ്രവർത്തകരും ജീവനക്കാരുമെല്ലാം കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം

പുറത്ത് നിന്ന് വരുന്നവർ ക്യാമ്പിലെ അംഗങ്ങളുമായി സമ്പർക്കം ഒഴിവാക്കണം.

ക്യാമ്പുകളിൽ ആന്റിജൻ പരിശോധന നടത്താൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ക്യാമ്പുകളോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തുന്നതാണ്.

ക്യാമ്പിലെത്തി ഒരാൾ കോവിഡ്‌പോസിറ്റീവായാൽ അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കുടുംബാംഗങ്ങൾ പ്രത്യേകം ക്വാറന്റൈനിൽ കഴിയണം.

ക്യാമ്പുകളിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. അകലത്തിലിരുന്ന് ഭക്ഷണം കഴിക്കേണ്ടതാണ്.

കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗുരുതര രോഗികൾ എന്നിവരുമായി ക്യാമ്പിലുള്ള മറ്റുള്ളവർ അടുത്ത് ഇടപഴകുന്നത്കഴിയുന്നതും ഒഴിവാക്കണം.

2 വയസിന് മുകളിലുള്ള കുട്ടികൾ മാസ്‌ക് ധരിക്കണം.

ജീവിതശൈലീ രോഗമുള്ളവരെയും മറ്റസുഖബാധിതരെയും പ്രത്യേകം ശ്രദ്ധിക്കും. അവർക്ക് മരുന്നുകൾ മുടങ്ങാതിരിക്കാൻ എത്തിച്ച് നൽകുന്നതാണ്. ഏതെങ്കിലും രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ അത് മുടക്കരുത്. എന്തെങ്കിലും ശാരീരിക മാനസിക ബുദ്ധിമുട്ടുള്ളവർ ക്യാമ്പ് അധികൃതരെയോ ആരോഗ്യ പ്രവർത്തകരെയോവിവരം അറിയിക്കേണ്ടതാണ്. മാനസിക രോഗ വിദഗ്ധരുടേയും സേവനം ലഭ്യമാണ്. കനിവ് 108 ആംബുലൻസുകളുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

മഴ തുടരുന്നതിനാൽ മറ്റ് പകർച്ചവ്യാധികൾക്കും സാധ്യതയുണ്ട്. പകർച്ചവ്യാധിയുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത ആവശ്യമാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. ക്യാമ്പുകളുടെ പരിസരം കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മലിനജലവുമായി സമ്പർക്കമുള്ളവർ ഉറപ്പായും ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതാണ്.

ശുദ്ധമായ കുടിവെള്ളം ക്യാമ്പുകളിൽ നൽകുക വളരെ പ്രധാനമാണ്. കുടിവെള്ളം മലിനമായാൽ മറ്റ് പകർച്ചവ്യാധികൾ വന്നേക്കാം. ഇക്കാര്യം ശ്രദ്ധിക്കാൻ തദ്ദേശ സ്വയംഭരണ, റവന്യൂ, ആരോഗ്യ വകുപ്പുകളെ ചുമതലപ്പെടുത്തി. കുടിവെള്ളം എത്തിക്കാനുള്ള ചുമതല ജലവിഭവ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് ഉണ്ടായ നഷ്ടം കണക്കാക്കി പരിഹാര നടപടികളിലേക്ക് കടക്കും. അറ്റകുറ്റ പണികൾ പെട്ടെന്ന് തന്നെ നടത്താൻ നിദ്ദേശിച്ചിട്ടുണ്ട്.

നല്ലതുപോലെ വെള്ളം കയറിയ സ്ഥലങ്ങളിൽ ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. വീട്ടുകാർക്കും കടക്കാർക്കും ചെളി നീക്കം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. ഫയർ ഫോഴ്‌സ് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടണം. തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശികമായി വളണ്ടിയർമാരുടെ സേവനം തേടണം. നദികളിൽ മണൽ നിറഞ്ഞു കിടക്കുന്നസ്ഥിതിയുമുണ്ട്. ഇത് നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തും. വെള്ളം വേറെ വഴിയിലൂടെ പോകുമ്പോൾ കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ട്. മണൽ നീക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ ജില്ലാ ഭരണ സംവിധാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മലിനമായ കിണറുകൾ വൃത്തിയാക്കൽ വളരെ പ്രധാനമാണ്. വെള്ളം പമ്പ്‌ചെയ്ത് കളയുന്നതുൾപ്പെടെ അതാതു സ്ഥലത്തെ പ്രയോഗികകതയ്ക്ക് അനുസരിച്ച് ശുചീകരണം നടത്താനാകണം. മാലിന്യത്തിന്റെ ഭാഗമായി രോഗം വരാതിരിക്കാൻ കരുതലോടെ നീങ്ങണം. വൈദ്യുതി ബന്ധം തകരാറായ സ്ഥലങ്ങളിൽ പുനഃസ്ഥാപിക്കൽ വേഗതയിൽ നടക്കുന്നുണ്ട്. ആവശ്യമെങ്കിൽ മറ്റ് സ്ഥലത്ത് നിന്നുകൂടി ജീവനക്കാരെ കൊണ്ട് വന്ന് ജോലികൾ പൂർത്തീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News