കോതമംഗലം പ്ലാമുടിയിൽ പുലിയിറങ്ങി; വളർത്തുനായയെ കടിച്ചുകൊന്നു

കോതമംഗലം കോട്ടപ്പടിയില്‍ പുലിയിറങ്ങി. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിലാണ് പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചുകൊന്നത്. ഇതോടെ വന്യമൃഗങ്ങളുടെ ശല്യമുളള പ്ലാമുടി നിവാസികള്‍ പുലിയുടെ ഭീതിയിലാണ്.

ബുധനാ‍ഴ്ച രാത്രി പത്ത് മണിയോടെയാണ് കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയില്‍ പുലിയെ കണ്ടത്. പ്ലാമുടി കണ്ണക്കട സിജോയുടെ വീട്ടില്‍ വളര്‍ത്തുനായയെ പുലി പിടികൂടുന്നത് കണ്ട് വീട്ടുകാര്‍ പരിഭ്രാന്തിയിലായി. രാത്രി നായയുടെ കരച്ചില്‍ കെട്ട് പുറത്തേക്ക് വന്ന വീട്ടുകാര്‍ കണ്ടത് പുലി നായയുടെ ക‍ഴുത്തില്‍ കടിച്ചുവലിക്കുന്നതാണ്. വീട്ടുകാര്‍ ബഹ‍ളം വച്ചതോടെ പുലി ഓടിമറഞ്ഞു.

ചങ്ങലയില്‍ കെട്ടിയിരുന്നതിനാല്‍ കടിച്ചുകൊന്ന നായയെ കൊണ്ടുപോകാന്‍ പുലിക്ക് ക‍ഴിഞ്ഞില്ല. പുലിയെ നേരിട്ട് കണ്ടതോടെ പ്ലാമുടി നിവാസികള്‍ ഭീതിയിലാണ്. കോട്ടപ്പാറ വനമേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനവാസകേന്ദ്രമാണ് പ്ലാമുടി. ഇവിടെ കാട്ടുപന്നിയുടെയും കാട്ടാനകളുടെയും അടക്കം വന്യമൃഗങ്ങളുടെ ശല്യം പതിവാണ്.

ഇപ്പോള്‍ പുലി കൂടി ഇറങ്ങിയതോടെ എത്രയും പെട്ടെന്ന് കൂട് വച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചൊവ്വാ‍ഴ്ച രാത്രി പുലി കോ‍ഴികളെ പിടിച്ചിരുന്നതായി നാട്ടുകാര്‍  സംശയം പറഞ്ഞിരുന്നു. പലയിടത്തും പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തി. എന്നാല്‍ വനംവകുപ്പ് അധികൃതര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ നേരിട്ട് പുലിയെ കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here