സാങ്കേതിക സർവകലാശാലയിൽ എൻജിനീയറിംഗ് ബിരുദത്തിനൊപ്പം മൈനർ ബിരുദവും

ഏതെങ്കിലും ഒരു വിഷയത്തിലെ ബിടെക് ബിരുദത്തോടൊപ്പം മറ്റൊരു വിഷയത്തിൽ മൈനർ ബിരുദവും കൂടി നൽകുന്ന “മൈനർ ഇൻ എഞ്ചിനീയറിംഗ്” എന്ന ആശയം എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്നു. ഇത്തരത്തിലുള്ള ആദ്യ ബാച്ച് 2023-ൽ പുറത്തിറങ്ങും.

വിദ്യാർത്ഥികൾക്ക് അവർ തിരഞ്ഞെടുക്കുന്ന എൻജിനീയറിംഗ് ശാഖയിൽ ബിരുദം ലഭിക്കുന്നതിനൊപ്പം മറ്റൊരു എൻജിനീയറിംഗ് ശാഖയിൽ മൈനർ ബിരുദം കൂടി ലഭിക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. മൈനർ ബിരുദത്തിനായി ആ ശാഖയിലെ നാല് വിഷയങ്ങൾ കൂടി പഠിക്കുകയും ഒരു പ്രൊജക്റ്റ് വിജയകരമായി പൂർത്തിയാക്കുകയും വേണം.

ഉദാഹരണത്തിന്, സിവിൽ എൻജിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥി ആർക്കിടെക്ചർ വിഭാഗത്തിൽ നിന്നും നാല് അധിക വിഷയങ്ങളും ഒരു പ്രോജക്റ്റും കൂടി പൂർത്തിയാക്കിയാൽ ആ വിദ്യാർത്ഥിക്ക് “ബിടെക് ഇൻ സിവിൽ എന്ജിനീയറിങ് വിത്ത് മൈനർ ഇൻ ആർക്കിടെക്ചർ” എന്ന് രേഖപ്പെടുത്തിയ ഡിഗ്രി സർട്ടിഫിക്കറ്റ് ആകും ലഭിക്കുക. ഇന്ത്യയിൽ തന്നെ അപൂർവം സർവകലാശാലകളിലും ഐ ഐ ടികളിലുമാണ് എൻജിനീയറിംഗ് മൈനർ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്.

മൂന്നാം സെമസ്റ്റർ മുതലാണ് മൈനർ ഇൻ എൻജിനീയറിംഗ് ആരംഭിക്കുന്നത്. തുടർന്ന് വിവിധ സെമെസ്റ്ററുകളിലായി തിരഞ്ഞെടുത്ത മേഖലയിൽ നാല് വിഷയങ്ങളും ഒരു പ്രൊജക്റ്റും എട്ടാം സെമെസ്റ്ററിനകം പൂർത്തിയാക്കി വിദ്യാർത്ഥികൾക്ക് മൈനർ ഡിഗ്രി കൂടി കരസ്ഥമാക്കാം.

50-ലധികം മൈനർ പ്രോഗ്രാമുകളാണ് പാഠ്യപദ്ധതിയിൽ നിലവിൽ ഉൾപ്പെടിത്തിയിരിക്കുന്നത്. മെഷീൻ ലേണിംഗ്, ബയോമെഡിക്കൽ എൻജിനീയറിംഗ്, അപ്ലൈഡ് മാത്തമാറ്റിക്സ്, റോബോട്ടിക്സ്, മെറ്റീരിയൽ സയൻസ്, സ്മാർട്ട് മാനുഫാക്ചറിംഗ് തുടങ്ങിയ സാങ്കേതിക മേഖലകളും മൈനർ കോഴ്സുകളിൽ ഉൾപ്പെടുന്നു.

സ്വന്തം പഠന മേഖലകൾക്കുപരിയായി വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള നവീന ശാസ്ത്ര വിഷയങ്ങൾ തിരഞ്ഞെടുക്കുവാനും, പഠിക്കുവാനും അത് വഴി ആ മേഖലയിൽ മൈനർ ഡിഗ്രി കരസ്ഥമാക്കുവാനും വിദ്യാർത്ഥികൾക്ക് കഴിയും. ഇത് വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യതകളെ വർധിപ്പിക്കുകയും നൈപുണ്യ ശേഷി വൈവിധ്യവത്കരിക്കുകയും ചെയ്യും.

എഞ്ചിനീയറിംഗ് മൈനർ സംവിധാനം വഴി വിവിധ എഞ്ചിനീയറിംഗ് മേഖലകൾ തമ്മിലുള്ള സംയോജിത പ്രേജക്റ്റുകൾ ഏറ്റെടുക്കുവാനും അതുവഴി വിദ്യാർത്ഥികളുടെ പഠന, നൈപുണ്യ, തൊഴിൽ ശേഷി വർദ്ധിപ്പിക്കുവാനും കഴിയുമെന്ന് വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like