തീവ്രമഴയ്ക്ക് സാധ്യത; ആശങ്ക വേണ്ടെന്ന് മന്ത്രി കെ. എന്‍.ബാലഗോപാല്‍

അതിതീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും കടുത്ത ആശങ്കയ്ക്ക് ഇടയാക്കാത്ത വിധം മുന്‍കരുതല്‍ സ്വീകരിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അപകട സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ അദ്ദേഹം വിശദീകരിച്ചു.

അപകടമേഖലയിലുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കണം. അപകടകരമായി മരങ്ങളും മുറിച്ച് നീക്കണം. പള്ളിക്കലാറിന്റെ പരിസരത്ത് പെട്ടന്ന് വെള്ളം നിറയുന്ന സാഹചര്യം മുന്നില്‍ക്കണ്ട് തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. മറ്റു നദീതീരങ്ങളിലും സമാന നടപടി കൈക്കൊള്ളണം. സ്ഥിതിഗതി വിലയിരുത്താനും നിര്‍ദ്ദേശങ്ങള്‍ക്കുമായി ജനപ്രതിനിധികള്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേരണം.

തദ്ദേശസ്ഥാപനങ്ങള്‍ ഓടകളിലും തോടുകളിലും ഇതര ജലസ്രോതസുകളിലും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. തുലാവര്‍ഷ മുന്‍കരുതലും നേരത്തെ തുടങ്ങണം.

ഇടിമിന്നല്‍, കാറ്റ് എന്നിങ്ങനെ പ്രകൃതിക്ഷോഭ മുനമ്പിലെത്തിയ സാഹചര്യം കണക്കിലെടുത്തുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തെ•ല അണക്കെട്ടിലെ വെള്ളം സാഹചര്യത്തിനനുസരിച്ച് തുറന്നത് വഴി നദികളിലെ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനായി. മഴ കൂടിയാലും ഇതേ രീതി പിന്തുടരും. വെള്ളക്കെട്ട്-മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ നിരീക്ഷണവും അടിയന്തര പ്രതികരണത്തിനുള്ള സംവിധാനങ്ങളും സജ്ജമാണ്. തെ•ല, ആര്യങ്കാവ്, റോസ്മല, ഉമ്മന്നൂര്‍, പിറവന്തൂര്‍ എന്നിവടങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

കുടിവെള്ള-വൈദ്യുതി ലഭ്യത 24 മണിക്കൂറും ഉറപ്പാക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ചുള്ള മുന്‍കരുതലും സ്വീകരിച്ചു. ക്യാമ്പുകളില്‍ വാക്‌സിനേഷനും വിവിധ രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ മരുന്നുകളും ലഭ്യമാക്കി. റോഡുകള്‍ തകര്‍ന്ന് നിലച്ച ഗതാഗതം അതിവേഗം പുന:സ്ഥാപിക്കുകയാണ്. തീരപ്രദേശത്തും നദീതീരങ്ങളിലും ജാഗ്രത സുശക്തമാക്കി. മീന്‍പിടുത്ത യാനങ്ങള്‍ മടങ്ങി വരുന്നുവെന്നും ഉറപ്പാക്കി വരികയാണ് എന്നും വ്യക്തമാക്കി.

അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു.  മണ്ണിടിച്ചില്‍ മേഖലകളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ മണ്ണ്മാന്തി യന്ത്രം ഉള്‍പ്പടെ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതായും കലക്ടര്‍ വ്യക്തമാക്കി.

കെ. സോമപ്രസാദ് എം. പി., എം. എല്‍. എ മാരായ കോവൂര്‍ കുഞ്ഞുമോന്‍, സുജിത്ത് വിജയന്‍പിള്ള, പി. എസ്. സുപാല്‍, സി. ആര്‍. മഹേഷ്, പി. സി. വിഷ്ണുനാഥ്, സിറ്റി പൊലിസ് കമ്മിണര്‍ ടി. നാരായണന്‍, സബ്കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ. ഡി. എം. എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News