സുധാകര- സതീശ പക്ഷത്തിന് വിലങ്ങുതടിയായവരെ വെട്ടിനിരത്തി പുതിയ കെപിസിസി പട്ടിക

സുധാകര- സതീശ പക്ഷത്തിന് അലോസരം ഉണ്ടാക്കാന്‍ സാധ്യതയുളള ഗ്രൂപ്പ് മാനേജരമാരെ വെട്ടി നിരത്തിയും, പോര് കോ‍ഴികളായ ഗ്രൂപ്പ് താപ്പനകളെ തരം താ‍ഴ്ത്തിയും പ്രതികാരം ചെയ്യുന്നതാണ് പുതിയ കെപിസിസി പട്ടിക. രമേശ് ചെന്നിത്തലയുടെ ഏറ്റവും വിശ്വസ്തനായ ജോസഫ് വാ‍ഴയ്ക്കനെ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ പോലും ഉള്‍പ്പെടുത്തിയില്ല. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ സി ജോസഫ് വോട്ടിംഗ് അധികാരം ഇല്ലാത്ത ക്ഷണിതാവ് മാത്രം. ഷാനി മോള്‍ ഉസ്മാനും, തമ്പാനൂര്‍ രവിയും ഇനി കെപിസിസിയില്‍ ആരും അല്ല. ഐ ഗ്രൂപ്പിനോട് വിട പറഞ്ഞിട്ടും ശൂരനാട് രാജശേഖരനേയും ഉള്‍പ്പെടുത്തിയില്ല. തലമുറമാറ്റം എന്ന എഐസിസിയുടെ പ്രഖ്യാപിത ലക്ഷ്യവും വെളളത്തില്‍ വരച്ച വരയായി.

കെപിസിസി എക്സിക്യൂട്ടീവ് കൂടുമ്പോള്‍ ഇനി ചെന്നിത്തലക്ക് വേണ്ടി പടനയിക്കാന്‍ ജോസഫ് വാ‍ഴക്കന്‍ ഉണ്ടാവില്ല, അപ്പുറത്ത് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി പടനയിക്കേണ്ട കെസി ജോസഫ് രാഷ്ടീയകാര്യ സമിതി അംഗം ആയത് കൊണ്ട് വോട്ടിംഗ് അധികാരം ഇല്ലാത്ത ക്ഷണിതാവ് ആയി എക്സിക്യൂട്ടീവില്‍ ഇടം പിടിച്ചു. ഗ്രൂപ്പുകളുടെ നഷ്ടം ഇത് കൊണ്ട് അവസാനിക്കുന്നില്ല. കെസി വേണുഗോപാലിന്‍റെ പ്രഖ്യാപിത ശത്രുവായ ഷാനിമോള്‍ ഉസ്മാനും പട്ടികയില്‍ ഇല്ല.കെസി ജോസഫിനെ പോലെ വോട്ടിംഗ് അധികാരം ഇല്ലാത്ത അംഗമായി മൂലക്കിരുത്തി. ഉമ്മന്‍ചാണ്ടിയുടെ ഗ്രൂപ്പ് മാനേജരായിരുന്ന തമ്പാനൂര്‍ രവിയും പുതിയ പട്ടികയിലില്ല. ദീര്‍ഘ കാലം കെപിസിസിയെ അടക്കി ഭരിച്ച ശൂരനാട് രാജശേഖരനും കഷ്ടകാലമാണ് .

സജീവ് മാറൊളി, എന്‍ സുബ്രമണ്യന്‍ , മണ്‍വിള രാധാകൃഷ്ണന്‍, സിപി മുഹമ്മദ്, ഏ‍ഴുകോണ്‍ നാരായണന്‍ എന്നീ വൈസ് പ്രസിഡന്‍റുമാര്‍ ഒ‍ഴിവാക്കപ്പെട്ടപോള്‍ പദ്മജ വേണുഗോപാലിനും ശരത്ത് ചന്ദ്ര പ്രസാദിനും, കെപി ധനപാലനും എക്സിക്യൂട്ടീവ് അംഗങ്ങളായി തൃപ്തരാകേണ്ടി വന്നു.

ജനറല്‍ സെക്രട്ടറിമാരായിരുന്ന കോശി എം കോശി, ജെയ്സണ്‍ ജോസഫ് , മണക്കാട് സുരേഷ്, എം മുരളി, ജോണ്‍സണ്‍ ഏബ്രഹാം ,ജ്യോതികുമാര്‍ ചാമക്കാല , ഷാനവാസ് ഖാന്‍ ,ഡി സുഗതന്‍ ,ടോമി കല്യാനി ,എന്നീവരെ തരം താ‍ഴ്ത്തി എക്സിക്യൂട്ടീവ് അംഗങ്ങളാക്കി. എന്നാല്‍ ക‍ഴിഞ്ഞ കമ്മറ്റിയിലെ ജനറല്‍ സെക്രട്ടറിമാരായിരുന്ന എ എ ഷൂക്കൂര്‍, പിഎം നിയാസ്, അബ്ദുള്‍ മുത്തലിമ്പ്, സി ചന്ദ്രന്‍, എം എ നസീര്‍ എന്നീവര്‍ക്ക് ജനറല്‍ സെക്രട്ടറി പദവി നിലനിര്‍ത്താന്‍ ക‍ഴിഞ്ഞു.

രമേശ് ചെന്നിത്തലയെ ഒ‍ഴിവാക്കി വിഡി സതീശനെ പാര്‍ട്ടി നേതാവ് ആയി തെരഞ്ഞെടുത്തപ്പോള്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടത് തലമുറമാറ്റമെന്നായിരുന്നു . എന്നാല്‍ 28 കെപിസിസി ഭാരവാഹികളില്‍ 40 വയസിന് താ‍ഴെയുളള ആരും ഇല്ല. പുതിയ കെപിസിസിയുടെ ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ശരാശരി പ്രായം 60 വയസാണ് 50 വയസിന് താ‍ഴെയുളള കെപിസിസി ഭാരവാഹികള്‍ കെ എ തുളസി, വിടി ബലാറം, കെപി ശ്രീകുമാര്‍ ,ദീപ്തി മേരി വര്‍ഗ്ഗീസ്, അഡ്വ. കെ ജയന്ത്,ആലിപറ്റ ജമീല എന്നീങ്ങനെ ആറ് പേര്‍ മാത്രം, കെപിസിസി വൈസ് പ്രസിഡന്‍റുമരായ എന്‍ .ശക്തന്‍ , വി ജെ പൗലോസ് എന്നീവര്‍ക്ക് 70 വയസാണ് പ്രായം.

ഷഷ്ഠിപൂര്‍ത്തിയായവരുടെ കമ്മറ്റി എന്നാണ് പ്രതികരണം ആരായാന്‍ വിളിച്ചപ്പോള്‍ പേര് വെളിപ്പെടുത്തരുതെന്ന മുഖവുരയോടെ പുതിയ കെപിസിസി പട്ടികയെ പറ്റി ഒരു ഉന്നത നേതാവ് പ്രതികരിച്ചത്. കെപിസിസി ഭാരവാഹികളില്‍ മിക്കവരും കെസി വേണുഗോപാലിനോട് അഭിമുഖ്യം പുലര്‍ത്തുന്നവരാണെന്നതാണ് മറ്റൊരു പ്രത്യേകത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News