ചന്ദ്രിക കള്ളപ്പണ കേസ്; ഇ.ഡിക്ക് നിര്‍ണ്ണായക വിവരങ്ങള്‍  കൈമാറി മുഈനലി തങ്ങള്‍

ചന്ദ്രികയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഈനലി തങ്ങള്‍ ഇ.ഡിക്ക് കൈമാറിയത് നിര്‍ണ്ണായക വിവരങ്ങള്‍. ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ച പണം വരിസംഖ്യയില്‍ നിന്ന് ലഭിച്ചതല്ലെന്ന് സംശയിക്കുന്നതായി മുഈനലി. പത്രത്തിന്റെ അക്കൗണ്ടുകളില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായും മുഈനലി ഇ ഡിയ്ക്ക് മൊഴി നൽകി. ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ അബ്ദുല്‍ സമീര്‍ നല്‍കിയ മറുപടിക്ക് വിരുദ്ധമാണിത്.

നോട്ട് നിരോധന കാലയളവിൽ ചന്ദ്രികയുടെ എറണാകുളത്തെ അക്കൗണ്ടില്‍ നിക്ഷേപിച്ച പത്ത് കോടി രൂപ, പത്ര വരിസംഖ്യ ചേര്‍ത്ത വകയില്‍ ലഭിച്ചതാണെന്നാണ് ഫിനാന്‍സ് ഡയറക്ടര്‍ അബ്ദുല്‍ സമീര്‍ ഇ.ഡിക്ക് നല്‍കിയ വിശദീകരണം. വരിസംഖ്യ വാങ്ങിയതിന്റെ രേഖകളും സമീര്‍ ഹാജരാക്കി. ഇതിന് വിരുദ്ധമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസം മുഈനലി തങ്ങള്‍ ഇ.ഡിക്ക് നല്‍കിയതെന്നാണ് സൂചന.

ചന്ദ്രിക അക്കൗണ്ടില്‍ നിക്ഷേപിച്ച പത്ത് കോടി രൂപ പത്ര വരിസംഖ്യവഴി വന്നതാണോ എന്നതിൽ സംശയമുണ്ട്. ഈ തുക പല ഘട്ടങ്ങളിലായി പിന്‍വലിച്ചെങ്കിലും പത്രത്തിന് വേണ്ടിയല്ല ഉപയോഗിച്ചത്. വരിസംഖ്യക്ക് വേണ്ടി ഹാജരാക്കിയ രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും സംശയിക്കുന്നു. ചന്ദ്രിക അക്കൗണ്ടുകള്‍ വഴി വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായും സംശയമുണ്ട്.

ഫൈനാന്‍സ് ഓഫീസറായ അബ്ദുല്‍ സമീറാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്.ഈ വിവരങ്ങളാണ് മുഈനലി തങ്ങള്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പിതാവും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് ലഭിച്ചപ്പോള്‍ പരിശോധിക്കാനായി തന്നെ ചുമതലപ്പെടുത്തിയിരുന്നു. അപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായതെന്നും മുഈനലി വിശദീകരിച്ചു.

ഹൈദരലി തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് വന്നതിന് പിന്നാലെ ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകളുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടിയാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും മുഈനലി തങ്ങള്‍ ലീഗ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഈ വിവരങ്ങളിലെ വ്യക്തത തേടിയ ഇ.ഡിയ്‌ക്ക് മുമ്പാകെ വീണ്ടും കാര്യങ്ങൾ വിശദീകരിച്ചാണ് മുഈനലി മടങ്ങിയത്.

കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ മുഈനലി തങ്ങളെ ഇ.ഡി വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍ ഉള്‍പ്പെടെ ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here