നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ്: സരിത്ത് ഒന്നാം പ്രതി, സ്വപ്ന രണ്ടാം പ്രതി, സന്ദീപ് മൂന്നാം പ്രതി

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത്ത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയും സന്ദീപ് മൂന്നാം പ്രതിയുമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പടെ 29 പേരെ കേസില്‍ പ്രതി ചേര്‍ത്തു. 3000 പേജുള്ള കുറ്റപത്രമാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ കസ്റ്റംസ് ഇന്നു സമര്‍പ്പിച്ചത്.

എം ശിവശങ്കര്‍ ഇരുപത്തി ഒന്‍പതാം പ്രതിയാണ്. സ്വര്‍ണക്കടത്ത് നടന്ന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതാണ് എം ശിവശങ്കറിനെതിരായ കുറ്റം. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചത് പി എസ് സരിത്താണ്.

സ്വര്‍ണക്കടത്തിന് ഒത്താശയും സഹായവും ചെയ്ത സ്വപ്ന സുരേഷും പിആര്‍ സരിത്തും സന്ദീപ് നായരും അതില്‍ നിന്നുള്ള ലാഭം കൈപ്പറ്റിയെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്ത് പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്ന് കണ്ടെത്താനായില്ല.

സ്വര്‍ണം കടത്തിയ സംഘവും നിക്ഷേപകരും സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമകളും കേസിലെ പ്രതികളാണ്. ഹൈദരാബാദില്‍ വരെയുള്ള ജ്വല്ലറികള്‍ കടത്തിയ സ്വര്‍ണം വാങ്ങി. സ്വര്‍ണം വന്നത് മുതല്‍ വിറ്റത് വരെയുള്ള റൂട്ട് കണ്ടെത്തിയെന്ന് കസ്റ്റംസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിമാര്‍ക്കോ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്ക് കണ്ടെത്താനായില്ലെന്നും ഫൈസല്‍ ഫരീദടക്കം വിദേശത്തുള്ളവരെ പ്രതികളാക്കുന്നത് പിന്നീടെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു.

അറ്റാഷെയും കോണ്‍സുല്‍ ജനലറും നിലവില്‍ പ്രതികളല്ല, വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് കാത്തു നില്‍ക്കുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News