വിവേകിന്റെ മരണം കൊവിഡ് വാക്‌സിന്‍ കാരണമല്ല; റിപ്പോര്‍ട്ട് പുറത്ത്

തമിഴ് നടന്‍ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചത് കൊവിഡ് വാക്സിന്‍ മൂലമല്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മരണത്തിന് കൊവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അന്ത്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിന്‍ സുരക്ഷിതമാണെന്നും, ആശങ്ക വേണ്ടെന്നും ഇമ്യൂണൈസേഷന്‍ വകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 16 നാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പിറ്റേന്ന് അദ്ദേഹം മരണമടയുകയും ചെയ്തിരുന്നു.

ഏപ്രില്‍ 15 നാണ് താരം കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതാണ് വിവേകിന്റെ മരണകാരണമെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരണം ഉണ്ടായിരുന്നു. സംഭവത്തില്‍ വിഴുപുരം സ്വദേശിയായ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ വിവേക് 2009 ല്‍ പത്മശ്രീയും നേടി.

പ്രമുഖതാരചിത്രങ്ങളില്‍ സഹതാരമായി തിളങ്ങിയിട്ടുള്ള താരം നായകവേഷത്തിലും എത്തിയിട്ടുണ്ട്. പിന്നണി ഗായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കമല്‍ഹാസന്റെ ഇന്ത്യന്‍-2 ആണ് വരാനിരിക്കുന്ന ചിത്രം.ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍. തമിഴ്നാട്ടിലെ വനവത് കരണപദ്ധതികളിലടക്കം സജീവ പങ്കാളിയായിരുന്നു.

തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തേക്കെത്തിയത്. സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാ ജീവിതം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News