തീയേറ്ററുകള്‍ തുറക്കുന്നു; ആദ്യ പ്രധാന റിലീസ് ‘ കുറുപ്പ് ‘

കൊവിഡ് രണ്ടാം തരംഗത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തീയേറ്ററുകൾ തുറക്കുകയാണ്. ഈ മാസം 25 മുതൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തീയേറ്ററുകൾക്ക് പ്രവർത്തിക്കാം. 50 ശതമാനം പ്രവേശനത്തിന് മാത്രമാണ് അനുമതി.

പ്രഖ്യാപനം വന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തീയേറ്ററുകൾ തുറക്കുമ്പോൾ ആദ്യ പ്രധാന റിലീസായെത്തുന്നത് ദുൽക്കർ സൽമാൻറെ ‘കുറുപ്പ്’ ആണ്. നവംബർ 12നാകും സിനിമ റിലീസ് ചെയ്യുക.

കാവൽ, അജഗജാന്തരം, ഭീമന്‍റെ വഴി, മിഷൻ സി, സ്റ്റാർ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് ആദ്യം തീയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ കൂടാതെ ദീപാവലിക്ക് മറുഭാഷകളിൽ നിന്ന് വമ്പൻ റിലീസുകളുമുണ്ട്. രജനീകാന്തിൻറെ അണ്ണാത്തെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നിവയൊക്കെ കേരളത്തിലെ തീയേറ്ററുകളിലുമെത്തും

കൂടാതെ ആൻറണി വർഗ്ഗീസിൻറെ ആനപ്പറമ്പിലെ വേൾഡ് കപ്പ്, സുരാജ് വെഞ്ഞാറമൂടിൻറെ റോയ്, പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം, അനൂപ് മേനോൻ നായകനാകുന്ന മരട് 357, ജോജുവിൻറെ ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളും ഉടൻ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീയേറ്ററുകൾ തിങ്കളാഴ്ച തന്നെ തുറക്കാൻ തീരുമാനമായത്. സിനിമാ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി.

വിനോദ നികുതിയിൽ ഇളവ് നൽകാനും വൈദ്യുതി ചാർ‌ജിന് സാവകാശം നൽകാനും തീരുമാനമായി. തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ഇതരഭാഷ സിനിമകളായിരിക്കും തിങ്കളാഴ്ച പ്രദർശനത്തിനെത്തുക.

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി, ജോജു ജോർജ് നായകനാകുന്ന സ്റ്റാർ എന്നീ ചിത്രങ്ങൾ ഒക്ടോബർ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം 50 ശതമാനം പ്രവേശനത്തോടെ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ചുകൊണ്ട് മരക്കാർ, ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ ആരംഭസമയത്തെ റിലീസിൽ നിന്ന് പിന്മാറിയിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 25നു അടച്ച തീയേറ്ററുകൾ ആറുമാസത്തിനു ശേഷം ആണ് വീണ്ടും തുറക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News