നഗരസഭയിലെ ബി ജെ പി പ്രതിഷേധം രാഷ്ട്രീയ ലാഭത്തിന് വേണ്ടി; മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം നഗരസഭയിലെ ബി ജെ പി പ്രതിഷേധം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തിട്ടുണ്ടെന്നും മേയർ പറഞ്ഞു. 3 സോണൽ ഓഫീസുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കരം പിരിവിൻ്റെ പേര് പറഞ്ഞ് ബി.ജെ.പി പല രീതിയിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. കൗൺസിൽ യോഗം വിജയകരമായി പൂർത്തീകരിച്ചു. യോഗം തകർക്കാൻ ചില ശക്തികൾ ശ്രമിച്ചുവെന്നും മേയർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മേയറും ഭരണപക്ഷ അംഗങ്ങളും പ്രവേശിക്കുന്നത് തടയാൻ ബിജെപി കൗൺസിലർമാർ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും അജണ്ട പൂർത്തിയാക്കി യോഗം പിരിഞ്ഞു.

കൗൺസിൽ യോഗം തുടങ്ങും മുൻപ് തന്നെ നികുതി തട്ടിപ്പിൽ നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി വനിതാ കൗൺസിലർമാർ ഉൾപ്പടെ ഹാളിൻ്റെ കവാടത്തിലും ഉള്ളിലും കിടന്നു മുദ്രാവാക്യം വിളി ആരംഭിച്ചു. കോൺഗ്രസ് കൗൺസിലർമാരും ബി.ജെ.പിക്കൊപ്പം കൂടി.പ്രതിഷേധത്തിനൊടുവിൽ ഭരണപക്ഷ വനിതാ അംഗങ്ങൾ ഇടപെട്ട് പെട്ട് മേയറെ ഡയസിലെത്തിച്ചു യോഗ നടപടികൾ ആരംഭിച്ചു.

യോഗം ആരംഭിച്ചതോടെ മറ്റ് ബി.ജെ.പി കോൺഗ്രസ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങിയും ഡയസിന് മുകളിൽ കയറിയും പ്രതിഷേധിച്ചു. തുടർന്ന് ഹാളിലുണ്ടായിരുന്ന മൈക്കും മറ്റും വലിച്ചെറിഞ്ഞു. ഇതിനിടെ യോഗം തടസപെടുത്താൻ ശ്രമിച്ച കൗൺസിൽ അംഗങ്ങൾക്കെതിരെ വാക്കാൽ പ്രമേയം പാസാക്കുന്നതുൾപ്പടെയുള്ള നടപടി പൂർത്തിയാക്കി കൗൺസിൽ യോഗം പിരിഞ്ഞു.

നിലത്ത് കിടന്ന് പ്രതിഷേധം തുടർന്ന കൗൺസിലർമാരെ മാറ്റാൻ പൊലീസ് എത്തിയത് സംഘർഷത്തിനിടയാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here