ആര്‍ സി സിയില്‍ റിസര്‍വേഷന്‍ കൗണ്ടര്‍: റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍ സി സി) റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കത്തയച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിവര്‍ഷം രണ്ടേ കാല്‍ ലക്ഷം രോഗികള്‍ ആര്‍ സി സിയില്‍ ചികിത്സതേടി എത്തുന്നുണ്ട്. ദിവസം അഞ്ഞൂറോളം രോഗികള്‍ക്ക് റെയില്‍വേ റിസര്‍വേഷന്‍ സൗകര്യം ആവശ്യമായി വരുന്നുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന്‍ 8 കിലോ മീറ്റര്‍ അകലെയാണ്.

ആശുപത്രിയിലെ ചികിത്സാ കാര്യങ്ങള്‍ക്കിടെ ഈ ദൂരം സഞ്ചരിച്ച് ടിക്കറ്റ് റിസര്‍വ് ചെയ്യുക ബുദ്ധിമുട്ടാണ്. ഗുരുതരമായ രോഗാവസ്ഥയിലുള്ളവരും സാമ്പത്തികമായി പിന്നോക്കമായവരുമാണ് രോഗികളില്‍ ഭൂരിപക്ഷവും. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം അവര്‍ക്ക് പ്രയാസമാണ്.

റെയില്‍വേ റിസര്‍വേഷന്‍കൗണ്ടറിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ ആര്‍ സി സി തയ്യാറാണ്. സഹായത്തിന് ജീവനക്കാരെയും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍ സി സിയില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ അനുവദിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here