നന്ദി പെലെ നിങ്ങളുടെ ജനനത്തിന്…

അറുപതുകളുടെ അവസാനത്തില്‍ കൊടുമ്പിരി കൊണ്ടിരുന്ന നൈജീരിയ – ബയാഫ്ര യുദ്ധം  48 മണിക്കൂര്‍ നിര്‍ത്തിവച്ച ചരിത്രമുണ്ട് അതിന് കാരണം ഒരു മനുഷ്യന്‍ നൈജീരിയയില്‍ കാലുകുത്തിയതായിരുന്നു.അയാളുടെ പേര് എഡ്സണ്‍ അരാന്‍റസ് ഡൊ നാസിമെന്‍റോ അല്ലെങ്കില്‍ പെലെ.

ആ കറുത്ത മനുഷ്യന്‍ പച്ച പരവതാനിയ്ക്ക് മുകളില്‍ തുകല്‍പ്പന്ത് തട്ടി തുടങ്ങുമ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ കാല്‍പ്പന്തിന്‍റെ കാലചക്രമുരുളുന്നത്. ലോകത്തിന്‍റെ ഹൃദയമിടിപ്പിനെ വിശ്വമാനവികതയുടെ ഹൃദയതാളമാക്കി മാറ്റിയെടുത്ത മാന്ത്രികനായിരുന്നു അയാള്‍.കാല്‍പ്പന്ത് ലോകത്തെ അടങ്ങാത്ത വര്‍ണ വെറി ഇന്നും ഒരു മുറിവായി അവശേഷിക്കുമ്പോഴാണ് വര്‍ണവിവേചനം ഒരു വ്രണം പോലെ പൊട്ടി ഒലിച്ച കാലത്ത് കറുത്തവനെ കാല്‍പന്ത് ലോകത്തിന്‍റെ ദൈവമായി ഫുട്ബോള്‍ പ്രേമികള്‍ കുടിയിരുത്തിയത്.

1367 മത്സരങ്ങളില്‍ നിന്നായി 1283 ഗോളുകള്‍.കാനറി കുപ്പായത്തില്‍ നേടിയത് 92 മത്സരങ്ങളില്‍ നിന്നായി 77 ഗോളുകള്‍.1958 മുതല്‍ 70 വരെയുള്ള നാല് ലോകകപ്പുകളില്‍ 14 കളികളില്‍ നിന്നായി 12 ഗോളുകള്‍.ലോക ഫുട്ബോളില്‍ ഏറ്റവും അധികം ഹാട്രിക് നേടിയ താരം.ഫുട്ബോളിന്‍റെ ചരിത്രത്തിൽ മൂന്ന് ലോകകപ്പ് കിരീടം ചൂടിയ ഒരേയൊരു താരം.ഫുട്ബോളിന്‍റെ ആദ്യ പര്യായ പദമേതെന്ന ചോദ്യത്തിന്  പെലെ എന്നല്ലാതെ മറ്റൊരു ഉത്തരം കണ്ടെത്താനില്ല.

ബ്രസീലിയന്‍ കാല്‍‌പനികതയുടെ പിതാവായിരുന്നു അയാള്‍.കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയമിടിപ്പുകളുടെ നിയന്താവായിരുന്നു അയാളുടെ കറുത്ത കാലുകള്‍.കണങ്കാലിലെ അവസാന തുടിപ്പ് വരെ അയാള്‍ പന്ത് തട്ടാന്‍ കൊതിച്ചവരാണ് ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യരത്രയും.ഫുട്ബോള്‍ എന്തെന്ന് പോലും അറിയാത്ത മനുഷ്യര്‍ക്ക് പോലും പെലെയെ അറിയാമായിരുന്നു അത് കൊണ്ട് തന്നെയാണ് അയാള്‍ ഒരു അത്ഭുതമാകുന്നതും.ലോകത്തിന്റെ ഹൃദയവികാരവിചാരങ്ങളിൽ നിരന്തരം അയാള്‍ നിറഞ്ഞുനിന്നു.

വിശപ്പ് മറക്കാന്‍ ലാറ്റിനമേരിക്കയിലെ കുഞ്ഞുങ്ങള്‍ക്ക് ഇന്നും ആ ഉശിരന്‍ കളി തന്നെയാണ് കൂട്ട്.അന്നത്തെ കാലത്ത് ഓരോ കറുത്തവനും അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരു ഫുട്ബോളര്‍ ആവുകയെന്നതുതന്നെയായിരുന്നു. 1902ല്‍ ബ്രസീലില്‍ ആദ്യത്തെ ഫുട്ബോള്‍ കളി വരുമ്പോള്‍ കറുത്തവര്‍ഗക്കാര്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പക്ഷേ മൈതാനം നനയ്ക്കാനും പന്തുകള്‍കൊണ്ടുകൊടുക്കാനും സഹായം ചെയ്തുകൊടുക്കാനുമൊക്കെ  കറുത്തവര്‍ വേണമായിരുന്നു.

കറുത്തവര്‍ അങ്ങനെ കണ്ടുപഠിച്ചതാണ് ആ കളി.പക്ഷെ ആ അപമാനവും,അവഗണനയും ,അടിമത്തവും ഒരു തീച്ചൂളയിലെന്ന പോലെ അവരുടെ സിരകളിലാളെ ആളിപ്പടര്‍ന്ന് കാല്‍പ്പന്തിനോടുള്ള അടങ്ങാത്ത പ്രണയമായി പരിണമിച്ചിരുന്നു.


ആ കളിയുടെ തത്വശാസ്ത്രം മുഴുവന്‍, അതിന്റെ രഹസ്യങ്ങള്‍ മുഴുവന്‍ അന്നത്തെ കറുത്തവര്‍ അവരുടെ നെഞ്ചിലേറ്റി നടന്നു. പിന്നീട് 1904 ആയപ്പോഴേക്കും കറുത്തവര്‍ക്ക് കളിക്കാമെന്നായപ്പോള്‍ തങ്ങളുടെ മനസിലുള്ള എല്ലാ സ്വപ്നങ്ങളും പന്തിലേക്ക് ഉള്ളിലേക്ക് കൊണ്ടുവന്നു.

സാന്റോസിന്റെ വരയന്‍ കുപ്പായത്തില്‍ ഗോളടിച്ചുകൂട്ടിയ 17കാരന്‍ പെലെയുമായി 1958 ലോകകപ്പിനെത്തിയ ബ്രസീലിലിന്റെ ഫുട്ബോള്‍ ചരിത്രം പെലെയ്ക്ക് മുമ്പും ശേഷവും എന്ന് വിഭജിക്കപ്പെട്ടു. പിന്നീട് ലോക ഫുട്ബോള്‍ ചരിത്രവും.‘കളിയെപ്പോഴും ജയിക്കുന്നതിനുവേണ്ടിയാണ്. പക്ഷേ ജീവിതമാണ്  പ്രധാനം. അത് നിലനില്‍പ്പിനുവേണ്ടിയാണ്. ഞാന്‍ വിശന്നുകൊണ്ടാണ് കളിച്ചത്. വിശന്നുകൊണ്ട് കളിക്കുമ്പോള്‍ നിലനില്‍പ്പിന്റെ വേദന ഞാന്‍ അറിഞ്ഞിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാവാം മിക്കപ്പോഴും ഞാന്‍ കളിയില്‍ കാണികളെ രസിപ്പിക്കാനാണ് ശ്രമിച്ചത്.

അവരുടെ ജീവിതത്തിന്റെ തീഷ്ണമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ പ്രതിസന്ധികള്‍ക്കിടയില്‍, സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരല്പം ലാഘവം നല്‍കാന്‍ ഒരല്പം സന്തോഷം നല്‍കാന്‍ എന്റെ കാലുകള്‍ക്ക് കഴിഞ്ഞുവെന്നുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം. ഞാന്‍ അവരുടെ സ്നേഹം പിടിച്ചുപറ്റാനാണ് ശ്രമിച്ചത്. അവരില്‍ നിന്ന് ബഹുമതികള്‍ വാങ്ങാനല്ല’. പെലെയുടെ ഈ വാക്കുകള്‍ തന്നെ കാല്‍പന്തിന്‍റെ സന്ദേശമായി കാലങ്ങളോളം നമ്മുക്ക് വായിക്കാം…കറുത്തവന്റെ ചെറുത്ത്‌നില്‍പ് ഉല്‍ഘോഷിച്ചും അതിജീവനത്തിന്റെ കയ്‌പേറിയ പാഠങ്ങള്‍ ഓര്‍മ്മിപ്പിച്ചും പെലെ, മുഹമ്മദ് അലി, ജെസ്സി ഓവന്‍സ്, കാള്‍ ലൂയിസ്, തുടങ്ങിയ ഇതിഹാസതാരങ്ങളെപോലെ, ഒരു മനുഷ്യവംശത്തിന്റെ മുഴുവന്‍ ആകുലതകളും ലോകത്തോട് പങ്കുവെയ്ക്കുന്നു.ലോക ഫുട്ബോളില്‍ അതിരൂക്ഷമായ വര്‍ണ്ണസമരം ഇന്നും തുടരുകയാണ്.ആ പോരാട്ടത്തില്‍ കറുത്തവരുടെ എത്രയോ കണ്ണീര്‍ കളിക്കളത്തില്‍ വീണിരിക്കുന്നു.

ആഫ്രിക്കയില്‍ കുടിയേറി പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച യൂറോപ്പ് പകരം അവര്‍ക്കു നല്‍കിയ ഏക അനുഗ്രഹമാണ് ഫുട്ബോള്‍. എന്നാല്‍ ആഫ്രിക്കയും കറുത്തവര്‍ മുഴുവനും ഫുട്ബോളില്‍ കണ്ടത് അവരുടെ അതിജീവനത്തിന്റേയും തൃഷ്ണകളുടേയും ലോകമായിരുന്നു.കറുത്തവര്‍ക്ക് ഫുട്ബോള്‍ ഒരു വിപ്ലവമായിരുന്നു. പെലെ അവര്‍ കണ്ട ഏറ്റവും ശക്തനായ വിപ്ലവകാരിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News