ബത്തേരി ബിജെപി കോഴക്കേസ്; കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്

ബിജെപി ബത്തേരി കോഴക്കേസിൽ കൂടുതൽ ഫോൺ സംഭാഷണങ്ങളിൽ ശാസ്ത്രീയ പരിശോധനകൾക്ക്‌ അന്വേഷണ സംഘം. കെ സുരേന്ദ്രനും പ്രസീത അഴീക്കോടുമായി നടന്ന സംഭാഷണങ്ങൾക്ക്‌ പുറമേ ബിജെപി നേതാക്കളും സികെ ജാനുവും നടത്തിയ ഫോൺ രേഖകൾ കൂടി അന്വേഷണ സംഘത്തിന്‌ ലഭിച്ചു. ഇവയുടെ ശാസ്ത്രീയ പരിശോധനകൾക്ക്‌ പ്രശാന്ത്‌ മലവയൽ,സികെ ജാനു എന്നിവരുടേതുൾപ്പെടെയുള്ള ശബ്ദ സാമ്പിളുകൾ അന്വേഷണ സംഘം പരിശോധിക്കും.

നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ബിജെപി കോഴക്കേസില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി മുൻ സംസ്ഥാന അധ്യക്ഷ സി കെ ജാനുവിൻ്റെയും, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിൻ്റെയും ശബ്ദം പരിശോധിക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരോടും നവംബര്‍ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹാജരാകാന്‍ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ട്ടിരുന്നു.കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് നല്‍കിയ അപേക്ഷയിന്മേലായിരുന്നു കോടതിയുടെ ഉത്തരവ്.

ജാനുവും,പ്രശാന്തും,പ്രസീതയും തമ്മിലുള്ള ഫോണ്‍ സംഭാഷണങൽ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ ആധികാരികത തെളിയിക്കാനാണ് ശബ്ദ സാമ്പിള്‍ പരിശോധിക്കുന്നത്‌. നേരത്തെ കേസിലെ ഒന്നാം പ്രതിയായ കെ സുരേന്ദ്രൻ്റെയും, മുഖ്യസാക്ഷി പ്രസീത അഴീക്കോടിൻ്റെയും ശബ്ദ സാമ്പിളുകളും ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു.കേസിൽ നിരവധിതവണ ചോദ്യം ചെയ്യലിന്‌ വിധേയമായ പ്രശാന്ത്‌ മലവയലിന്റേയും മറ്റ്‌ ബിജെപി നേതാക്കളുടേയും സികെ ജാനുവിന്റേയും ഫോണുകൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്‌.ഇതിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്‌.

35 ലക്ഷം രൂപയുടെ കോഴക്കേസിൽ നിർണ്ണായക ഘട്ടത്തിലാണ്‌ അന്വേഷണ സംഘം.കേസിൽ ഒന്നാം പ്രതി കെ സുരേന്ദ്രനാണ്‌ രണ്ടാം പ്രതി സികെ ജാനുവും.ഇരുവരേയും ഉടൻ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്‌.അതേ സമയം കോഴയും മൂന്നരക്കോടിയുടെ തെരെഞ്ഞെടുപ്പ്‌‌ ഫണ്ട്‌ തിരിമറിയും സംബന്ധിച്ച്‌ ബിജെപിയിൽ രൂപംകൊണ്ട ഭിന്നത തുടരുകയാണ്‌.പരിഹാരത്തിന്‌ നേരിട്ടെത്തണമെന്ന വിമത വിഭാഗത്തിന്റെ ആവശ്യം കെ സുരേന്ദ്രൻ പരിഗണിച്ചിട്ടില്ല.പുതിയ അധ്യക്ഷനായെങ്കിലും ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുക്കാൻ പോലും നേതൃത്വത്തിനായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here