അനര്‍ഹമായ ഇന്‍റേണല്‍ മാര്‍ക്ക് നല്‍കി; പി കെ നവാസിന് കോളേജ് അധികൃതരുടെ വഴിവിട്ട സഹായം

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് കോളേജ് അധികൃതര്‍ വഴിവിട്ട് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതായി പരാതി. മലപ്പുറം മേല്‍മുറി എംസിടി കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ് അധികൃതര്‍ക്കെതിരേയാണ് വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്.

എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ആറ് പേപ്പറുകളാണുള്ളത്. ഇതില്‍ 25 മാര്‍ക്കിന്റെ ഇന്റേണലിലാണ് ഗ്രീവന്‍സ് കമ്മിറ്റി അനധികൃതമായി മാര്‍ക്ക് നല്‍കിയത്. പലവിഷയങ്ങളിലും പി കെ നവാസ് അസൈന്‍മെന്റ് സമര്‍പ്പിയ്ക്കുകയോ ഇന്റേണല്‍ പരീക്ഷയ്ക്ക് ഹാജരാവുകയോ ചെയ്തിട്ടില്ല. സെമിനാര്‍ അവതരിപ്പിച്ചിട്ടുമില്ല. മാര്‍ക്ക് ലിസ്റ്റിലാവട്ടേ, അധ്യാപകന്‍ അവധി മാര്‍ക്ക് ചെയ്തിട്ടുമുണ്ട്. എന്നാല്‍ കോളേജ് ഗ്രീവന്‍സ് കമ്മിറ്റി പി കെ നവാസിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കി.

ഇന്റേണല്‍ പരീക്ഷയില്‍ പങ്കെടുക്കുകയും അസൈന്‍മെന്റുകള്‍ യഥാസമയം സമര്‍പ്പിയ്ക്കുകയും ചെയ്തവര്‍ക്ക് പോലും കുറഞ്ഞമാര്‍ക്ക് ലഭിച്ചപ്പോള്‍ ഇതൊന്നുമില്ലാത്ത നവാസിന് എല്ലാവിഷയങ്ങളിലും ശരാശരി 18-ന് മുകളില്‍ മാര്‍ക്കുണ്ട്. പലതിലും അധ്യാപകര്‍ നല്‍കിയ മാര്‍ക്കിന്റെ അഞ്ചിരട്ടി നല്‍കി. ഗ്രീവന്‍സ് കമ്മിറ്റിയ്ക്ക് ഇത്തരത്തില്‍ മാര്‍ക്ക് നല്‍കാന്‍ അധികാരമില്ലെന്ന് സഹപാഠികള്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അധ്യാപകര്‍ നല്‍കിയ മാര്‍ക്കിലെ പരാതി പരിശോധിയ്ക്കാനാണ് ഗ്രിവന്‍സ് കമ്മിറ്റി. പരീക്ഷകള്‍ക്ക് ഹാജരാകാത്തയാള്‍ക്ക് മാര്‍ക്ക് നല്‍കിയത് സര്‍വകലാശാലാ ചട്ടങ്ങള്‍ക്കെതിരാണ്. പരാതിയില്‍പ്പറയുന്നു. എന്നാല്‍ ഇത്തരമൊരു പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. എംഎസ്എഫ് വിദ്യാര്‍ത്ഥിനിക്കൂട്ടായ്മയായ ഹരിത നേതാക്കളെ അസഭ്യം പറഞ്ഞ സംഭവത്തില്‍ നിയമനടപടി നേരിടുന്നയാളാണ് പി കെ നവാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News