” ഇല്ലാത്ത കഥകൾ കൂട്ടിക്കെട്ടി എസ്.എഫ്.ഐയെ ഇല്ലാതാക്കി കളയാമെന്നത് വ്യാമോഹം “

ഇല്ലാത്ത കഥകൾ കൂട്ടിക്കെട്ടി എസ്.എഫ്.ഐയെ ഇല്ലാതാക്കി കളയാമെന്നത് വ്യാമോഹം മാത്രമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌. അന്നും ഇന്നും ഒരു മാധ്യമങ്ങളുടെയും പരിലാളനമേറ്റല്ല എസ്.എഫ്.ഐ വളർന്നത്.

ഞങ്ങളെ വിദ്യാർത്ഥികൾക്കറിയാം. വിദ്യാർത്ഥികളെ ഞങ്ങൾക്കുമറിയാം. സ്വയം തിരുത്താനും നവീകരിക്കാനും ഞങ്ങൾക്ക് നന്നായി അറിയാം. വീണുകിട്ടിയ അവസരം മുതലെടുത്ത് ഇല്ലാത്ത കഥകൾ കൂട്ടിക്കെട്ടി വലതുപക്ഷ മാധ്യമങ്ങൾക്കും പാർട്ടികൾക്കുമൊപ്പം എസ്.എഫ്.ഐയെ ഇല്ലാതാക്കി കളയാമെന്ന വ്യാമോഹവുമായി ഇറങ്ങിയവർ ആ പണിയെടുക്കുന്നതിൻ്റെ അരശതമാനം സമയം വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലിടപ്പെടാനായി മാറ്റിവെച്ചാൽ എത്ര നന്നായേനെയെന്നും വിനീഷ്‌ പറയുന്നു.

വിനീഷിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം;

” ഉളുപ്പുണ്ടോ എന്ന് AISFനോട് ചോദിച്ചാലോ എന്നു കരുതിയപ്പോഴാണ് വെറുതെ എന്തിനാ ഒരു ചോദ്യം വേസ്റ്റാക്കുന്നതെന്ന് ചിന്തിച്ചത്. അതില്ല എന്ന് പലവട്ടം അവർ തെളിയിച്ചതാണ്, ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്.

ഇന്നത്തെ പത്രസമ്മേളനത്തിൽ എ.ഐ.എസ്.എഫിൻ്റെ നേതാവ് ചോദിച്ചത് എസ്.എഫ്.ഐയും ആർ.എസ്.എസും എ.ബി.വി.പിയും തമ്മിൽ എന്താണ് വ്യത്യാസമെന്നാണ്. ആ വ്യത്യാസം കേരളത്തിലെ വിദ്യാർഥികൾക്ക് മനസ്സിലായപ്പോഴാണ് ക്യാമ്പസുകളിൽ നിന്ന് അവർ നിങ്ങളെ പുറത്താക്കിയത്.

നിങ്ങൾക്ക് വ്യത്യാസം മനസ്സിലായില്ലെങ്കിലും എ.ബി.വി.പിക്കാർക്ക് ആ വ്യത്യാസം നന്നായി അറിയാം. കലാലയങ്ങളിൽ നിന്ന് സൂചി കുത്താനുള്ള ഇടം കൊടുക്കാതെ വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തി വിദ്യാർഥികളെ അവകാശപോരാട്ടത്തിനു സജ്ജമാക്കിയ എസ്.എഫ്.ഐയെ പ്രബുദ്ധരായ വിദ്യാർഥി സമൂഹത്തിനു നന്നായറിയാം. വർഗ്ഗീയ വാദികളുമായി സഖ്യമുണ്ടാക്കി രണ്ട് സീറ്റ് കിട്ടാൻ ആശയത്തെ എത്ര ഒടിച്ചുമടക്കാനും മടിയില്ലാത്തവർ അതൊന്നും മനസ്സിലാക്കണമെന്ന് ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല.

ഇന്ത്യയുടെ തന്നെ പ്രതിപക്ഷ ശബ്ദമായി കേരളത്തിലെ ക്യാമ്പസുകൾ സ്ഫോടനാത്മകമായ മുദ്രാവാക്യങ്ങൾ മുഴക്കിയത് എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ്. അടിയന്തിരാവസ്ഥ കാലത്ത് നിങ്ങൾ കൂട്ടിൽ കേറി ഒളിച്ച ചരിത്രമൊന്നും കേരളം മറന്നിട്ടില്ല.

മാധ്യമമുറികളിലിരുന്ന് സംഘടനയുടെ പേര് നാലു തവണ പറയാൻ എസ്.എഫ്.ഐയെ നാല് പറഞ്ഞാൽ മതി എന്ന ആരുടെയൊക്കെയോ ഉപദേശവും കേട്ട് വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന നിങ്ങളോട് സഹതാപം മാത്രമേയുള്ളു. അന്നും ഇന്നും ഒരു മാധ്യമങ്ങളുടെയും പരിലാളനമേറ്റല്ല എസ്.എഫ്.ഐ വളർന്നത്. ഞങ്ങളെ വിദ്യാർത്ഥികൾക്കറിയാം.

വിദ്യാർത്ഥികളെ ഞങ്ങൾക്കുമറിയാം. സ്വയം തിരുത്താനും നവീകരിക്കാനും ഞങ്ങൾക്ക് നന്നായി അറിയാം. വീണുകിട്ടിയ അവസരം മുതലെടുത്ത് ഇല്ലാത്ത കഥകൾ കൂട്ടിക്കെട്ടി വലതുപക്ഷ മാധ്യമങ്ങൾക്കും പാർട്ടികൾക്കുമൊപ്പം എസ്.എഫ്.ഐയെ ഇല്ലാതാക്കി കളയാമെന്ന വ്യാമോഹവുമായി ഇറങ്ങിയവർ ആ പണിയെടുക്കുന്നതിൻ്റെ അരശതമാനം സമയം വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലിടപ്പെടാനായി മാറ്റിവെച്ചാൽ എത്ര നന്നായേനെ. ചുരുക്കി പറഞ്ഞാൽ എ.ഐ.എസ്.എഫിൻ്റെ സർട്ടിഫിക്കറ്റ് എസ്.എഫ്.ഐക്ക് ആവശ്യമില്ല എന്ന് തന്നെയാണ്”.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here